പോലീസിന് എല്ലാ പ്രതിസന്ധിയെയും തരണം ചെയ്യുന്ന പരിശീലനം നല്‍കുന്നു: മുഖ്യമന്ത്രി
പത്തനംതിട്ട: പോലീസ് സേനാംഗങ്ങള്‍ക്ക് പതിവ് ജോലികള്‍ക്കു പുറമെ കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി വരുന്നതായും അതിനായി പോലീസ് പരിശീലന സിലബസ് കാലാനുസൃതമായി മാറ്റാന്‍ വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മണിയാര്‍ കെഎപി ബറ്റാലിയന്‍ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ കെഎപി മൂന്നാം ബെറ്റാലിയനിലെ 86 സേനാംഗങ്ങളുടെ സത്യപ്രതിജ്ഞയിലും പാസിംഗ് ഔട്ട് പരേഡിലും മുഖ്യാതിഥിയായി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്തെ പരിശീലനമാണ് പുതിയ സേനാംഗങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. തങ്ങളുടെ മാതൃ പോലീസ് സ്റ്റേഷനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഫലവത്തായ പരിശീലനമാണ്.
സംസ്ഥാനത്ത് പുതിയതായി സേനയുടെ ഭാഗമായ 2,362 പേരില്‍ ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി പേരാണുള്ളത്. നവകേരള സൃഷ്ടിക്ക് പോലീസ് സേനയ്ക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളത്. പോലീസ് ജനങ്ങളോടൊപ്പം നിന്ന് ഫലവത്തായ കാര്യനിര്‍വഹണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കെഎപി അഞ്ചാം ബറ്റാലിയന്‍ കോട്ടയം ഡിറ്റാച്ച്‌മെന്റ് ക്യാമ്പില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 86 സേനാംഗങ്ങളുടെ ഉള്‍പ്പെടെ 2,362 പേരുടെ സത്യപ്രതിജ്ഞയിലും പാസിംഗ് ഔട്ട് പരേഡുമാണ് സംസ്ഥാനത്താകെ നടന്നത്. രാവിലെ 8.25ന് പരേഡ് ചടങ്ങുകള്‍ ആരംഭിച്ചു. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് ബോബി കുര്യന്‍ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. 8.55ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഓണ്‍ലൈനായി പങ്കെടുത്ത് പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്‍പത് മണിക്ക് ഓണ്‍ലൈനായി പങ്കെടുത്ത് പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുകയും അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. കെഎപി അഞ്ചാം ബെറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.എം സിറാജ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കെഎപി അഞ്ചാം ബറ്റാലിയന്‍ കോട്ടയം ഡിറ്റാച്ച്‌മെന്റ് ക്യാമ്പില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കി പുതിയതായി സേനാംഗങ്ങളായ 86 പേരില്‍ അഞ്ച് – എംബിഎ, ബിരുദാനന്തര ബിരുദം – ഏഴ്, ഡിപ്ലോമ -നാല്, ബിടെക്ക് – എട്ട്, ഡിഗ്രി -29, പ്ലസ്ടു – 33 എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത് അസിന്റന്‍ഡ് കമാന്‍ഡന്റ് (ട്രെയിനിങ് ) പി.എം ജിജി മോനാണ്.
ബറ്റാലിയന്‍ എഡിജിപി കെ.പത്മകുമാര്‍, ഐ.ജി.പി (ട്രെയിനിംഗ്, ഡയറക്ടര്‍ കെഇപിഎ) കെ.വിജയന്‍, ബറ്റാലിയന്‍ ഡിഐജി പി.പ്രകാശ് എന്നിവര്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്നു.
പരിശീലനത്തില്‍ മികച്ച പ്രകടനം നടത്തിയതിന് ബെസ്റ്റ് ഇന്‍ഡോര്‍ – എസ്.മോഹനകൃഷ്ണന്‍, ബെസ്റ്റ് ഔട്ട്‌ഡോര്‍ – ആര്‍.സുജിത്ത്, ബെസ്റ്റ് ഷൂട്ടര്‍ -എം.ഹരികൃഷ്ണന്‍, ഓള്‍ റൗണ്ടര്‍ ജെ.ഷാലിം എന്നിവരെ തിരഞ്ഞെടുത്തു. പുരസ്‌ക്കാരങ്ങള്‍ കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് ബോബി കുര്യന്‍ സമ്മാനിച്ചു.