മലപ്പുറം: നഗരത്തില്‍ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സര്‍വീസ് നഗരസഭ ബസ്റ്റാന്‍ഡുമായി ബന്ധിപ്പിച്ചുള്ള ഗതാഗത പരിഷ്‌ക്കാരത്തിന് ഇന്ന്(ഒക്ടോബര്‍ ഒന്ന്) മുതല്‍ തുടക്കമാകും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നഗരസഭയിലേക്കും കെ.എസ്.ഇ.ബി ഓഫീസ്, ജന സേവന കേന്ദ്രം, കേന്ദ്രീയ വിദ്യാലയം, സഹകരണ, സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്രയമായ നഗരസഭ ബസ് സ്റ്റാന്‍ഡിലേക്ക് മുഴുവന്‍ യാത്രാ ബസുകളും പ്രവേശിക്കണമെന്നാണ് കോടതി നിര്‍ദേശം. പരപ്പനങ്ങാടി, കോഴിക്കോട്, തിരൂര്‍ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ കോട്ടപ്പടി പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തുനിന്ന് ബസ് സ്റ്റാന്‍ഡിലേക്കെത്തി അതേ വഴി തന്നെ കുന്നുമ്മലിലേക്ക് പോകണം.

തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ മലപ്പുറം കുന്നുമ്മല്‍ നിന്നും എ.കെ. റോഡ് വഴി സ്റ്റാന്‍ഡില്‍ കയറിയിറങ്ങി കോട്ടപ്പടിയിലേക്ക് പോകുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.