മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വികസനത്തിന് സമഗ്ര പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ വി. ആർ പ്രേം കുമാര്‍ നിര്‍ദേശം നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസന കമ്മീഷണർ ചെയര്‍മാനായും മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണായും കമ്മിറ്റി രൂപീകരിക്കും. ചെയര്‍മാൻ്റെ അധ്യക്ഷതയിൽ രണ്ടാഴ്ചയില്‍ ഒരിക്കലും വൈസ് ചെയര്‍പേഴ്‌സൻ്റെ അധ്യക്ഷതയിൽ ആഴ്ചയിലൊരിക്കലും സമിതി യോഗം ചേര്‍ന്ന് വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.
ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോടാവശ്യപ്പെടുമെന്ന് യു.എ ലത്തീഫ് എം.എൽ.എ യോഗത്തില്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനും ദൈനംദിനാവശ്യങ്ങള്‍ക്കും ഫണ്ട് കണ്ടെത്തുന്നതുസംബന്ധിച്ചും സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു.
കലക്ടറേറ്റില്‍ നടന്ന ആശുപത്രി വികസന സൊസൈറ്റി ഗവേണിങ് ബോഡി യോഗത്തില്‍ ജില്ലാ കലക്ടര്‍ വി. ആർ പ്രേം കുമാര്‍ അധ്യക്ഷനായി. ജില്ല വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ടന്റ് ഡോ. നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഗവേണിങ് ബോഡി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.