കൊല്ലം: സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ഇനി ഗ്രന്ഥശാലയും. അമ്മമാര്‍ക്കും, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൂട്ടാകാനും അറിവ് പകരാനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഗ്രന്ഥശാലയുടെ ഉദ്ഘാടനം എഴുത്തുകാരി കെ. ആര്‍. മീര നിര്‍വഹിച്ചു.
പുസ്തകമാണ് മനുഷ്യന് നല്‍കാവുന്ന ഏറ്റവും വലിയ ആയുധവും അവസരവും. മഹാമാരിക്കാലത്ത് വായനയുടെ തിരിച്ചുവരവാണ് കാണാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആശുപത്രിയില്‍ വായനശാല ആരംഭിച്ചത് ശ്രദ്ധേയമാകുന്നതെന്ന് മീര പറഞ്ഞു.
രണ്ട് ലക്ഷം രൂപയാണ് സംവിധാനത്തിന് ചിലവായത്. പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രവും ഇവിടെയുണ്ട്. ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പ് തിരികെ നല്‍കണം എന്ന വ്യവസ്ഥയിലാണ് പുസ്തകങ്ങള്‍ നല്‍കുക. ആദ്യഘട്ടമെന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും ഒരു ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളുമാണ് ലഭ്യമാക്കിയത്. ആശുപത്രിയിലെ ഡീലക്‌സ് പേ വാര്‍ഡിനും നാലാം വാര്‍ഡിനും മദ്ധ്യേയാണ് ഗ്രന്ഥശാല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാല്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഡോ. പി. കെ. ഗോപന്‍, അംഗങ്ങളായ സി.പി. സുധീഷ് കുമാര്‍, ഗേളി ഷണ്‍മുഖന്‍, അനന്തു പിള്ള, പ്രിജി ശശിധരന്‍, സെക്രട്ടറി കെ. പ്രസാദ്, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണ വേണി, ആര്‍. എം. ഒ. ഡോ. അനു ജെ. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. റാണി നൗഷാദ് 50 പുസ്തകങ്ങള്‍ ഗ്രന്ഥശാലയിലേക്ക് കൈമാറി.
