വര്‍ത്തമാനകാല ഇന്ത്യക്ക് ഗാന്ധിയന്‍ മൂല്യങ്ങള്‍ അതിപ്രധാനവും അമൂല്യവുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലം ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍ ജില്ലാ ഭരണകൂടം, കൊല്ലം കോര്‍പറേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ജില്ലാതല ഗാന്ധിജയന്തി ആഘോഷവും ഗാന്ധിസ്മൃതി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തിന് ഇന്ത്യയുടെ പ്രതീകമാണ് ഗാന്ധിജി. എല്ലാവരേയും കൂട്ടിച്ചേര്‍ക്കുന്ന രാഷ്ട്രപിതാവിന്റെ ജീവിതവീക്ഷണം മതനിരപേക്ഷതയുടേയും സമഭാവനയുടേയും സന്ദേശമാണ് പകരുന്നത്. സ്വന്തം കാഴ്ചപാടുകള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാതൃക കാട്ടിയ മഹത്‌വ്യക്തിയുടെ സ്മരണ എക്കാലവും നിലനില്‍ക്കും. ഗാന്ധിസന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ഗാന്ധിജിയുടെ ജീവിതവീക്ഷണം പകര്‍ത്താന്‍ തലമുറകള്‍ക്ക് കഴിയണമെന്ന് അധ്യക്ഷയായ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ഒരിക്കലും പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. സോമപ്രസാദ് എം.പി. പറഞ്ഞു.
ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. നൗഷാദ് എം. എല്‍. എ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കോര്‍പറേഷനിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എ. കെ. സവാദ്, ഉദയകുമാര്‍, യു. പവിത്ര, സവിതാദേവി, രാജ്‌മോഹന്‍, കൗണ്‍സിലര്‍മാരായ സജീവ് സോമന്‍, ടോമി, ഹണി, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം. എന്‍. സാജിതാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍. കൃഷ്ണ കുമാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. പെട്രീഷ്യ ജോണ്‍ സര്‍വമത പ്രാര്‍ത്ഥന നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നന്ദി പറഞ്ഞു. ലഘു ഭക്ഷണമൊരുക്കിയ ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളായ ചന്ദ്രന്‍, ബാഹുലേയന്‍, രാജീവ് എന്നിവര്‍ക്കൊപ്പം കുരീപ്പുഴ ഷാനവാസ്, സജീവ പരിശവിള, കോര്‍പറേഷന്‍ സെക്രട്ടറി പി. കെ. സജീവ്, ഗാന്ധിയന്‍മാര്‍, സാംസ്‌കാരിക-സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.