ഇടുക്കി: ജില്ലയിലെ ചുരുക്കം കോളേജുകള്‍ ഒഴിച്ച് എല്ലാ എയ്ഡഡ്, ഗവണ്‍മെന്റ്, അണ്‍ എയ്ഡഡ് കോളേജുകളിലും അവസാന വര്‍ഷം ഡിഗ്രി , പി ജി ക്ലാസുകള്‍ ആരംഭിച്ചു. ‘കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. മൂന്നാര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ ഒരു സ്റ്റാഫ് കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ മൂന്നാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാർ ഗവൺമെന്റ് കോളേജില്‍ ഇന്ന്‌ ക്ലാസ് ആരംഭിച്ചില്ല.

കോളേജ് വീണ്ടും അണുവിമുക്തമാക്കി നാളെ ക്ലാസ്സ്‌ ആരംഭിക്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ. മനേഷ് അറിയിച്ചു. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ കോവിഡ് ഡൊമിസിലറി കെയര്‍ സെന്റെര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫൈനല്‍ പി ജി ക്ലാസുകള്‍ മാത്രമേ ആരംഭിച്ചിട്ടുള്ളു. ഡൊമിസിലറി കെയര്‍ സെന്റര്‍ ബുധനാഴ്ച മാറ്റും എന്നാണ് മുനിസിപ്പല്‍ ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്. ഡൊമിസിലറി കെയര്‍ സെന്റര്‍ മാറിയാല്‍ ബുധനാഴ്ച ക്ലാസുകള്‍ അണുവിമുക്തമാക്കി ഡിഗ്രി അവസാനവര്‍ഷം ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ കണ്ണന്‍ അറിയിച്ചു.

ക്ലാസുകളില്‍ 70% ത്തോളം ഹാജര്‍ ഉണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ കോളേജുകളിലും അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ശരീര ഊഷ്മാവ് ,വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചാണ് കുട്ടികളെ കാമ്പസില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയായി വിവിധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കാമ്പസ് ശുചീകരണം ,സാനിട്ടൈസേഷന്‍ എന്നിവ കോളേജുകളുടെ പ്രവര്‍ത്തനം സുഗമമായി തുടങ്ങാന്‍ സഹായകരമായി.