സ്‌ക്കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമായി തുടരുമെന്ന് പാലക്കാട് ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി സി വിനീഷ് അറിയിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധനകള്‍ സ്ഥിരമായി നടത്തി വരികയാണ്. വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം ആര്‍ടിഒ ഓഫീസില്‍ നിന്ന് നല്‍കിയ സ്റ്റിക്കര്‍ നിര്‍ബന്ധമായി പതിക്കണം. ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടിയെന്ന ബോര്‍ഡ് വെച്ചുമാത്രമേ യാത്ര നടത്താന്‍ പാടുള്ളൂവെന്നും ആര്‍.ടി.ഒ പറഞ്ഞു.
അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി വാഹനങ്ങളുടെ പരിശോധന നടത്തിയിരുന്നു. 1024 വാഹനങ്ങള്‍ക്ക് പരിശോധനയ്ക്ക് ശേഷം ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ ഫിറ്റ്നസ്, ഇന്‍ഷുറന്‍സ്, ലൈസന്‍സ്, സ്പീഡ് ഗവര്‍ണര്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയ്ക്ക് ശേഷം ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ അംഗീകാരമില്ലാത്ത വാഹനങ്ങള്‍ നിയമം ലംഘിച്ച് വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ഇത്തരം നിയമ ലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, പിടിഎ തുടങ്ങിയവരും സഹകരിക്കണം. സ്‌കൂളുകളിലേക്ക് കുട്ടികളെ കയറ്റി വിടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍, ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ തുടങ്ങിയവ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും കൈവശം സൂക്ഷിക്കണം.
നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ വാഹനങ്ങളില്‍ കയറ്റി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ പൊലീസിനെയും ആര്‍.ടി.ഒയെയും അറിയിക്കണമെന്ന് അര്‍ടിഒ പറഞ്ഞു. വലിയ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഡോര്‍ അറ്റന്‍ഡര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇവരെ സ്‌കൂള്‍ അധികൃതര്‍ നിയമിക്കണം. ഓട്ടോ റിക്ഷകളില്‍ ഹാന്‍ഡില്‍ വെയ്ക്കണം. മുന്‍ സീറ്റിലിരുത്തി കുട്ടികളെ കൊണ്ടുപോകാന്‍ പാടില്ല. വാഹനങ്ങളില്‍ ചൈല്‍ഡ് ലൈന്‍, പൊലീസ് തുടങ്ങിയവരുടെ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ആര്‍ടിഒ നിര്‍ദേശിച്ചു.
വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്നം അറിയിക്കാം
വിദ്യാര്‍ഥികളെ ബസ്സില്‍ കയറാന്‍ അനുവദിക്കാതിരിക്കുക, ഒഴിഞ്ഞ സീറ്റിലിരുന്ന് യാത്രാ ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, വിദ്യാര്‍ഥികളെ കണ്ടാല്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ബസ്സുകള്‍, വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ്സ് ജീവനക്കാര്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടാര്‍ വാഹന വകുപ്പിന്റെ 8547639009 (പാലക്കാട്, ആലത്തൂര്‍ മേഖല), 8281786088(പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍കാട് മേഖല) നമ്പറുകളില്‍ വിളിച്ചറിയിക്കാം. സ്വകാര്യ ബസ്സുകള്‍ മറ്റു യാത്രക്കാര്‍ കയറുന്നത് വരെ ബസ്സിനടുത്ത് വിദ്യാര്‍ഥികളെ ക്യൂ നിര്‍ത്തി അവസാനം കയറ്റുന്ന അവസ്ഥ പരിഹരിക്കാന്‍ മോട്ടോര്‍ വാഹന ഗതാഗത വകുപ്പിന്റെ കീഴിലുളള സംഘം ദിവസേന പരിശോധന നടത്തുന്നുണ്ട്. മഴയാണെങ്കിലും വെയിലാണെങ്കിലും ക്യൂ നില്‍ക്കാതെ ബസ്സില്‍ കയറാന്‍ ജീവനക്കാര്‍ വിദ്യാര്‍ഥികളെ അനുവദിക്കാറില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയെന്ന് ആര്‍.ടി. അറിയിച്ചു.
വിദ്യാഭ്യാസപരമായ ആവശ്യത്തിന് മാത്രം അനുവദിച്ച 239 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 11 എണ്ണം ഓവര്‍ ലോഡ് ആയതിനും വാഹനത്തിന് മുന്നില്‍ ‘സ്‌കൂള്‍ ഡ്യൂട്ടി’ ബോര്‍ഡ് വെയ്ക്കാതെ നിയമം ലംഘിച്ച 20 വാഹനങ്ങളും ടാക്സ് അടക്കാത്ത സര്‍വീസ് നടത്തിയ മൂന്ന് വാഹനങ്ങളും അനധികൃതമായി സ്വകാര്യ വാഹനം സ്‌ക്കൂള്‍ വാഹനമായി ഉപയോഗിച്ചതിനും ഓട്ടോറിക്ഷകളിലും മറ്റും കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോയതില്‍ 18 വാഹനങ്ങളും മറ്റു കാരണങ്ങളാല്‍ 41 വാഹനങ്ങളും പരിശോധനവിധേയമാക്കിയിട്ടുണ്ട്. ഇതില്‍ മൊത്തം 107 കേസുകളാണ്് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇത്തരത്തില്‍ നിയമം ലംഘിച്ചവരില്‍ നിന്നും ഗതാഗത വകുപ്പ് 56,600 രൂപ പിഴ ഈടാക്കി.