തൃശ്ശൂർ: തൊഴിൽ മേഖലയിൽ വൈദഗ്‌ധ്യം കുറവെന്ന പേരിൽ ഇനി തൊഴിലുറപ്പ് തൊഴിലാളികളെ മാറ്റി നിർത്തണ്ട. തൊഴിലാളികൾക്ക് പരിശീലനം നല്‍കി കൂടുതല്‍ വേതനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘മികവ്’ പദ്ധതിക്ക് പഴയന്നൂരിൽ തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വൈദഗ്‌ധ്യം നൽകുന്ന വികസന പരിശീലന പരിപാടിയായ ‘മികവ്’ പദ്ധതി ചേലക്കര ഗ്രാമപഞ്ചായത്തിലാണ് ആരംഭിച്ചത്.

തൊഴിലാളി വികസനം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മികവ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചേലക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിൽ ഒരുപോക്കുതൊടി കോളനിയില്‍ പഴയന്നൂർ ബ്ലോക്ക് പ്രസിഡന്റ് കെ എം അഷറഫ് നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തൃശൂരിലെ പഴയന്നൂര്‍, വടക്കാഞ്ചേരി എന്നീ രണ്ട് ബ്ലോക്കുകളെയാണ് തിരഞ്ഞെടുത്തത്.

ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ഓരോ പഞ്ചായത്തില്‍ നിന്നും 18നും 50നും മധ്യേ പ്രായമുള്ള 30 പേരടങ്ങുന്ന സംഘത്തെയാണ് സജ്ജമാക്കുക. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മിതികളായ സോക്ക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, അസോള ടാങ്ക്, കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴികൂട്, കല്ലുകയ്യാല, റോഡ് കോണ്‍ക്രീറ്റ് എന്നീ പ്രവൃത്തികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

ഉദ്ഘാടന പരിപാടിയിൽ ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വനാഥന്‍, ജില്ലാ ജോയിന്‍റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി സി ബാലഗോപാല്‍, ജില്ലാ ക്വാളിറ്റി മോണിറ്റര്‍ ശശിധരന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ ഗണേഷ്, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നിത്യ കൃഷ്ണന്‍, ജോയിന്‍റ് ബിഡിഒ വി ജഗദീഷ് എന്നിവര്‍ പങ്കെടുത്ത് പങ്കെടുത്തു.