ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ഒട്ടാകെ നടക്കുന്ന കുളമ്പുരോഗ പകര്‍ച്ച വ്യാധിക്കെതിരെയുള്ള കുത്തി വയ്പ്പിന്റെ രണ്ടാം ഘട്ടം വെള്ളിയാമറ്റത്ത് തുടങ്ങി. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഇന്ദു ബിജു നിര്‍വഹിച്ചു. ഒക്ടോബര്‍ ആറാം തിയതി ആരംഭിക്കുന്ന പ്രതിരോധ കുത്തിവയ്പ് നവംബര്‍ മൂന്ന് വരെയുണ്ടാവും. കാറ്റിലൂടെ പകരുന്ന കുളമ്പ് രോഗം കാലികള്‍ക്ക് മാരകവും കര്‍ഷകര്‍ക്ക് കനത്ത നഷ്ട്ടവും നല്‍കുന്നതാണ്. തുടര്‍ച്ചയായ കുത്തിവയ്പ്പിലൂടെ മാത്രമേ ഈ പകര്‍ച്ചവ്യധിയെ തടഞ്ഞ് നിര്‍ത്താന്‍ പറ്റു. രോഗത്തിനെതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഗോരക്ഷ പദ്ധതി പ്രകാരമുള്ള സൗജന്യ കുത്തിവയ്പ്പ് ക്യാമ്പുകള്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വരുന്ന 21 ദിവസം സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈറ്ററിനറി ഡിസ്‌പെന്‍സറിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തുതല ഉദ്ഘാടന ചടങ്ങില്‍ ഡോ. ആര്യ അല്‍ഫോന്‍സ്, ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍.പി, ജാന്‍സി മോള്‍ ചാക്കോ, സ്റ്റാഫ് മിനി മോള്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
