നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത പടക്കപ്പല്‍ ആലപ്പുഴ ബീച്ചിലേക്ക് എത്തിക്കുന്നതിന് ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിനായി ആലപ്പുഴ പൈതൃക പദ്ധതി പ്രോജക്ട് അധികൃതര്‍ ദേശീയപാതാ അതോറിറ്റിക്ക് വിശദമായ പ്ലാന്‍ സമര്‍പ്പിക്കും. കപ്പല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഫ്‌ളൈ ഓവറില്‍ കപ്പല്‍ കയറ്റുന്നതിന്റെ സാങ്കേതിക വശങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാകും നല്‍കുക. കപ്പല്‍ കൊണ്ടുവരുന്ന ഏജന്‍സി നേരത്തെ സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ പ്ലാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ദേശീയപാതാ അതോറിറ്റി പ്രതിനിധി യോഗത്തില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ റോഡ് മാര്‍ഗം കപ്പല്‍ എത്തിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ലെവല്‍ ക്രോസിലൂടെ കടത്തിക്കൊണ്ടുപോകുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ റെയില്‍വേ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് ഫ്‌ളൈ ഓവര്‍ ഉപയോഗിക്കുന്നതിന് ശ്രമം ആരംഭിച്ചത്.

കപ്പല്‍ കയറ്റിയ വാഹനം നിലവില്‍ ബൈപ്പാസ് ടോള്‍ ബൂത്തിന്റെ സമീപത്താണുള്ളത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ആലപ്പുഴ പൈതൃക പദ്ധതി, ഇന്‍കെല്‍, ഫ്‌ളൈ ഓവര്‍ നിര്‍മിച്ച കമ്പനിയുടെ പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.