മലപ്പുറം: ചീങ്കണ്ണിപ്പാലി തടയണ നിലവില്‍ അപകട ഭീഷണി ഉയര്‍ത്തുന്നില്ലെന്നും കോടതി ഉത്തരവ് പ്രകാരം തടയണ പൊളിച്ച് വെളളം ഒഴുകി പോകാനുള്ള വഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും സബ്കലക്ടര്‍ ശ്രീധന്യ എസ്.സുരേഷ് അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കൊപ്പം ചീങ്കണ്ണിപ്പാലി തടയണ സന്ദര്‍ശിച്ച് വിലയിരുത്തുകയായിരുന്നു സബ് കലക്ടര്‍. നിലവില്‍ പ്രശ്‌നങ്ങളില്ലാതെ ശരിയായ രീതിയിലാണ് വെള്ളം ഒഴുകുന്നത്. രണ്ടര കിലോമീറ്റര്‍ അകലെയുള്ള ആദിവാസി കോളനിക്ക് തടയണ അപകടമാകും എന്നതാണ് പരാതിയില്‍ പറയുന്നത്.
വെള്ളം പുഴയിലേക്ക് ഒഴുക്കി കളയുന്നത് മൂലം അപകട സാധ്യത നിലനില്‍ക്കുന്നില്ലെന്നും കോളനി ജലനിരപ്പില്‍ നിന്ന് വളരെ ഉയരത്തിലാണെന്നും കോളനി നിവാസികള്‍ സബ്കലക്ടറെ അറിയിച്ചു. പാര്‍ക്ക് അടച്ചത് മൂലം തങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും സന്ദര്‍ശകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റ് ജീവിച്ചിരുന്നവരുടെ ഉപജീവനം നഷ്ടമായെന്നും കോളനി നിവാസികള്‍ പറഞ്ഞു.
ഏറനാട് തഹസില്‍ദാര്‍ ടി.എന്‍, വിജയന്‍, വെറ്റിലപ്പാറ വില്ലേജ് ഓഫീസര്‍ സജു, എടവണ്ണ റെയ്ഞ്ച് ഓഫിസര്‍ റഹീസ് തറമ്മല്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പി. ഇസ്മായില്‍, ജിയോളജിസ്റ്റ് ഇബ്രാഹിംകുഞ്ഞ്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ആനന്ദബോസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.