അന്നമനട ഗവ.യു പി സ്കൂളിന് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.വി ആർ സുനിൽ കുമാർ എംഎൽഎ നിർവഹിച്ചു. കെട്ടിടത്തിന്റെ പണി കാലതാമസമില്ലാതെ പൂർത്തീകരിക്കാൻ കഴിയട്ടെയെന്ന് എംഎൽഎ പറഞ്ഞു. 125 വർഷം പഴക്കമുള്ള അന്നമനട ഗവ.യുപി സ്കൂളിൽ എംഎൽഎ അഡ്വ.വി ആർ സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. ഏറെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റി ആറ് ക്ലാസ് മുറികളോട് കൂടിയാണ് പുതിയ കെട്ടിടം പണിയുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, വൈസ് പ്രസിഡന്റ്‌ ടെസി ടൈറ്റസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ സി രവി, പഞ്ചായത്ത്‌ അംഗങ്ങളായ ടി കെ സതീശൻ, കെ ഐ ഇക്ബാൽ, എം യു കൃഷ്ണകുമാർ, സ്കൂൾ പ്രധാന അധ്യാപകൻ വി വി ശശി തുടങ്ങിയവർ പങ്കെടുത്തു.