വനിതാ ശിശു വികസന വകുപ്പും മലപ്പുറം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലികാദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലയിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റം ശൈശവ വിവാഹ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് വഴിയൊരുക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ക്കിടയില്‍ വേണ്ടത്ര അവബോധം സൃഷ്ടിക്കാനായെങ്കിലും പലപ്പോഴും വീട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും കുറ്റകരമാണെന്ന വിവരം മാതാപിതാക്കളെയും ബന്ധുക്കളെയും പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്. ബാലസൗഹൃദ ജില്ലയെന്ന ലക്ഷ്യത്തിനായുള്ള ശ്രമങ്ങളില്‍ ജനപ്രതിനിധികളുള്‍പ്പടെയുള്ളവരുടെ പൂര്‍ണ പിന്തുണ അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്തിലെ ശിഹാബ് തങ്ങള്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷനായി. അന്താരാഷ്ട്ര ബാലികാദിനാചരണത്തോടനുബന്ധിച്ച് സെമിനാറുകള്‍, പ്രതിഭാമത്സരങ്ങള്‍, ശില്‍പശാലകള്‍ തുടങ്ങി വിവിധ പരിപാടികളാണ് ജില്ലയില്‍ വ്യത്യസ്ത ദിനങ്ങളിലായി സംഘടിപ്പിക്കുന്നത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പൊന്‍വാക്ക് പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി. വിജയകുമാറിന് കൈമാറി നിര്‍വഹിച്ചു.

തുടര്‍ന്ന് ‘ശൈശവ വിവാഹ നിരോധന നിയമം’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി അന്താരാഷ്ട്ര ബാലികാദിനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സെമിനാറും സംഘടിപ്പിച്ചു. സെമിനാര്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് അന്താരാഷ്ട്ര ബാലികാദിനാചരണ ദിനമായ ഒക്ടോബര്‍ 11ന് പൊന്നാനി മാതൃ-ശിശു ആശുപത്രിയില്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് പ്രത്യേകം ഉപഹാരവും നല്‍കും. പെണ്‍ഭ്രൂണഹത്യക്കെതിരെയുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും ആണ്‍-പെണ്‍ അനുപാതത്തിലെ കുറവ് പരിഹരിക്കുന്നതിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് വകുപ്പുകള്‍ എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ 13ന് യോഗം ചേരും.

ഒക്ടോബര്‍ 11 മുതല്‍ 20വരെയുള്ള ദിവസങ്ങളില്‍ മഹിളാ മന്ദിരം, സ്വധര്‍ ഗൃഹ്, വണ്‍സ്റ്റോപ്പ് സെന്റര്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കായി പ്രത്യേകം പ്രതിഭാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. നിയമ വിരുദ്ധ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സി.ഡി.പി.ഒമാര്‍, ഐ.സി.ഡി.എസ്, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കായി ഈ മാസം 26ന് ജില്ലാപഞ്ചായത്ത് ഹാളില്‍ ശില്‍പ്പശാലയും സംഘടിപ്പിക്കും. വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കായി ഔട്ടിങ്, ബോട്ട് യാത്ര എന്നിവയും പരിപാടിയോനുബന്ധിച്ച് സംഘടിപ്പിക്കും. സ്ത്രീധന നിരോധനം, ശൈശവ വിവാഹ നിരോധനം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രചാരണവും വകുപ്പ് തല ജീവനക്കാര്‍, ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിച്ച് ഈ മാസം നടത്തും.

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ‘ശൈശവ വിവാഹ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കല്‍’ എന്നത് സംബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി വിഷയാവതരണം നടത്തി. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഷീദ് നാലകത്ത്, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് വി.എം റിംസി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പരിപാടിയില്‍ പങ്കെടുത്തു.