ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയനവര്‍ഷത്തില്‍ ഉന്നതവിജയം നേടിയവരെയാണ് പരിഗണിക്കുക. ബിരുദം, തത്തുല്യകോഴ്‌സുകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, പൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അപേക്ഷിക്കാം. ബിരുദകോഴ്‌സുകള്‍ക്ക് ആര്‍ട്‌സ് വിഷയങ്ങളില്‍ 60 ശതമാനവും സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനവും ബിരുദാനന്തര/ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് 60 ശതമാനവും മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആദ്യതവണ തന്നെ പരീക്ഷ പാസായിരിക്കണം. വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കണം, വരുമാന പരിധി ബാധകമല്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ് വൈകല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 10 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍സ്റ്റേഷന്‍ മലപ്പുറം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമും മറ്റുവിവരങ്ങളും swd.kerala.gov.in ല്‍ ലഭിക്കും.