മാലിന്യനിർമ്മാർജ്ജനം ലക്ഷ്യമിട്ട് നെഹ്‌റു യുവ കേന്ദ്രയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി  ”ശുചിത്വഭാരതം- മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം” എന്ന പേരിൽ അഴീക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക മ്യൂസിയത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ  എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘ക്ലീൻ ഇന്ത്യ ശുചിത്വഭാരതം’ എന്ന പേരിൽ ഒക്ടോബർ ഒന്ന് മുതൽ 31 വരെ നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ആരംഭിച്ച  ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന പ്രചാരണത്തിന്റെ ജില്ലാതലത്തിലുള്ള തുടക്കവും അബ്ദുറഹ്മാൻ സ്മാരകത്തിൽ നിന്നായിരുന്നു.

സംസ്ഥാനത്തെ പൊതുജനങ്ങളുടെ കാലങ്ങളായുള്ള ശീലങ്ങളിൽ ഗണ്യമായ മാറ്റം വരുത്തുന്നതിൽ ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും.  മാലിന്യ സംസ്കരണം അതിൽ ഉൾപ്പെടുത്തും. പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നിർമാർജ്ജനം ചെയ്യുക. പൊതു സ്ഥാപനങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവയുടെ ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തുക. കുളങ്ങൾ, മറ്റ് ജലസ്രോതസുകൾ  എന്നിവ വൃത്തിയാക്കുകയും  മലിനമാകാതെ സൂക്ഷിക്കുകയും ചെയ്യുക എന്നിവയാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.  കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, നെഹ്റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകൾ എന്നിവ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടി ഒരു മാസം നീണ്ടു നിൽക്കും.

പ്രദേശത്തെ യൂത്ത് ക്ലബ്ബുകളുടെയും എൻഎസ്എസ് വളണ്ടിയർമാരുടെയും സേവനം ഉപയോഗപ്പെടുത്തിയാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തുന്നത്.  പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലത്തിൽ യൂത്ത് ക്ലബ്ബുകൾക്ക് പുരസ്കാരങ്ങളും നെഹ്റു യുവകേന്ദ്ര ക്യാമ്പയിന്റെ ഭാഗമായി നൽകുന്നുണ്ട്. ക്യാമ്പയിനിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ലഭിക്കും. ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ നിർവഹിച്ചു.  എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര ന്യൂഡൽഹി ജോയിന്റ് ഡയറക്ടർ ജെയിൻ ജോർജ് മുഖ്യാതിഥിയായി.