ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായുളള 1119 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണ്‍ (പി.എം.എ.വൈ- ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍, 183 പട്ടികജാതി കുടുംബങ്ങള്‍, 182 ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍, 147 ജനറല്‍ വിഭാഗം എന്നിവര്‍ ഉള്‍പ്പെടുന്ന 1119 കുടുംബങ്ങള്‍ക്കു ഭവന നിര്‍മ്മാണ ധനസഹായം ലഭ്യമാക്കാന്‍ അനുമതി ലഭിച്ചു. ജനറല്‍, പട്ടികജാതി വിഭാഗങ്ങള്‍ക്ക് 4 ലക്ഷം രൂപയും, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 6 ലക്ഷം രൂപയുമാണ് ഭവന നിര്‍മ്മാണത്തിനായി ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നിന്നും 2.80 ലക്ഷം രൂപ എസ്.സി, ജനറല്‍ വിഭാഗത്തിനും, 4.8 ലക്ഷം രൂപ എസ്.ടി വിഭാഗത്തിനും ലഭിക്കും. പി.എം.എ.വൈ.(ജി) പദ്ധതി പ്രകാരം കേന്ദ്ര വിഹിതമായി 1.20 ലക്ഷം രൂപയാണ് ഒരോ കുടുംബത്തിനും ധനസഹായമായി ലഭിക്കുക. കരാറിലേര്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആദ്യഗഡു മുന്‍കൂറായി ലഭിക്കും. തുടര്‍ന്ന് ഭവന നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടം കഴിയുന്നതനുസരിച്ച് ഗുണഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് പി.എഫ്.എം.എസ് മുഖേന തുക ലഭിക്കും.

ഇതിന് പുറമേ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ഭവന നിര്‍മ്മാണത്തിനായി ഒരോ കുടുംബത്തിനും 90 ദിവസത്തെ ജോലിയും സോക്കേജ് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കുടിവെളളക്കിണര്‍ എന്നിവയും ജീവനോപാധികളായ ആട്ടിന്‍ കൂട്, പശുത്തൊഴുത്ത്, – കോഴിക്കൂട് എന്നിവയും അനുവദിക്കും. പി.എം.എ.വൈ. (ജി) പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2019-ല്‍ ആവാസ് ക്ലാസ് മൊബൈല്‍ ആപ്പ് വഴി സര്‍വ്വേ നടത്തി 22721 പേരുടെ ഗുണഭോക്ത്യ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാ പട്ടിക ഓണ്‍ലൈന്‍ സംവിധാനത്തിലുടെ തയ്യാറാക്കിയാണ് ഗ്രാമ പഞ്ചായത്തുകളുടെ അംഗീകാരം നേടിയത്. ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുളള, അടച്ചുറപ്പുളള ഭവനമില്ലാതെ ദുരിതം അനുഭവിക്കുന്ന 1119 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനം നിര്‍മ്മിച്ചു നല്‍കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ് അറിയിച്ചു.