സമഗ്ര ശിക്ഷ കേരള നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോസ്റ്റല്‍ നവംബര്‍ ഒന്നിന് തുറന്ന് പ്രവര്‍ത്തിക്കും. നിലമ്പൂര്‍ എ.ഇ.ഒ ടി.പി മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ബി.ആര്‍.സിയില്‍ ചേര്‍ന്ന ഹോസ്റ്റല്‍ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിലമ്പൂര്‍ വനമേഖലയിലെ ഔട്ട് ഓഫ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഗോത്രവിഭാഗത്തില്‍ പെട്ട 50 കുട്ടികള്‍ക്കാണ് ഹോസ്റ്റലില്‍ പ്രവേശനം നല്‍കുന്നത്. ഹോസ്റ്റല്‍ തുറക്കുന്നതിന്റെ മുന്നോടിയായി കുട്ടികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി രോഗ ബാധയില്ലെന്ന് ഉറപ്പുവരുത്താനും ഹോസ്റ്റലും പരിസരവും ശുചീകരിച്ച് കിണര്‍ ക്ലോറിനേറ്റ് ചെയ്ത് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സ്‌കറിയ കിനാതോപ്പില്‍, നഗരസഭ കൗണ്‍സിലര്‍ റഹ്‌മത്തുള്ള ചുള്ളിയില്‍, സമഗ്ര ശിക്ഷ കേരള മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ആയ.ഭാവന, നിലമ്പൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി വിജയലക്ഷ്മി, മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസര്‍ അനില്‍കുമാര്‍, പ്രൊജക്ട് എഞ്ചിനീയര്‍ ഗലീഫ, ബി. ആര്‍.സി കോഡിനേറ്റര്‍ എം.മനോജ് കുമാര്‍, സി.ആര്‍.സി കോഡിനേറ്റര്‍ കെ.സിമ്മി, സി.ആര്‍. സി കോഡിനേറ്റര്‍ ആര്‍.രമ്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.