ജില്ലയില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് (ഡിഎഇഎസ്ഐ) പരിപാടിയുടെ സമാപനം തവനൂര്‍ കെ.സി.എ.ഇ.റ്റി ഓഡിറ്റോറിയത്തില്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മ മലപ്പുറത്തിന്റെയും ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് (ദേശി പ്രോഗ്രാം) കോഴ്‌സ് നടപ്പിലാക്കുന്നത്.
2021 മാര്‍ച്ചില്‍ വിജയകരമായി കോഴ്സ് പൂര്‍ത്തീകരിച്ച 40 പേരടങ്ങുന്ന ജില്ലയിലെ ആദ്യബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റ് കെ.ടി ജലീല്‍ എം.എല്‍.എ വിതരണം ചെയ്തു. വളം സസ്യ സംരക്ഷണോപാധികളുടെ വിപണന രംഗത്തുള്ളവര്‍ക്ക് ശാസ്ത്രീയ കൃഷിയുടെയും ഉല്‍പാദനോപാധികളുടെ ശരിയായ വിനിയോഗത്തിന്റെയും അറിവുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് ആരംഭിച്ചത്.
പരിപാടിയില്‍ തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷയായി. ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ. ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. മലപ്പുറം കെ.വി.കെ ദേശി കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. നാജിത ഉമ്മര്‍ പരിശീലന സംഗ്രഹം അവതരിപ്പിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സി. ഇബ്രാഹിം കുട്ടി, കോഴ്‌സ് ഫെസിലിറ്റേറ്റര്‍ പി സാരംഗന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.