കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ടയത്ത് ഒരു ഫ്‌ലൈഓവര്‍ സംവിധാനമോ ഓവര്‍ ബ്രിഡ്‌ജോ ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.  കോട്ടയം റസ്റ്റ് ഹൗസ് പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളും ആധുനീകവത്ക്കരിച്ച് മാതൃകാ അതിഥിമന്ദിരങ്ങളാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് മെച്ചപ്പെട്ട കാന്റീന്‍, ജീവനക്കാര്‍ക്ക് പ്രേത്യേക യൂണിഫോം എന്നിവയെല്ലാം നടപ്പിലാക്കുന്നതിലൂടെ റസ്റ്റ് ഹൗസുകളുടെ നിലവാരമുയര്‍ത്തി ലാഭത്തിലാക്കും. ഇതിന്റെ ഭാഗമായാണ് കോട്ടയത്ത് ആധുനീക രീതിയിലുള്ള 170 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും രണ്ട് സ്യൂട്ട് മുറികളുള്‍പ്പെടുന്ന 16 മുറികളും നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, മുന്‍.എം.എല്‍.എ വി.എന്‍ വാസവന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, വൈസ് ചെയര്‍പേഴ്ണണ്‍ ബിന്ദു സന്തോഷ്, കൗണ്‍സിലര്‍ ഷൈലജ ദിലീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. ചീഫ് എഞ്ചിനീയര്‍ ഇ. കെ. ഹൈദ്രു സ്വാഗതവും ഡെപ്യൂട്ടി എക്‌സി. എന്‍ജിനീയര്‍ സ്മിത എസ് നായര്‍ നന്ദിയും പറഞ്ഞു.   5.90 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.