മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി
നീണ്ട ഇടവേളക്ക് ശേഷം കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളും ക്ലാസ് മുറികളുമാണ് ജില്ലയില്‍ മിക്കയിടത്തും വിദ്യാര്‍ത്ഥികള്‍ക്കായിട്ട് ഒരുക്കിയിട്ടുള്ളത്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സ്‌കുളുകള്‍ അടച്ചിട്ടപ്പോള്‍ ഒട്ടുമിക്ക സ്‌കൂള്‍ കെട്ടിടങ്ങളും നവീകരണത്തിന്റെ പാതയിലായിരുന്നു. പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മാറി ആധുനിക നിലവാരത്തില്‍ ബഹുനിലകെട്ടിടങ്ങള്‍ പണിതെങ്കിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ പഠനം സാധ്യമായില്ല. മൊബൈല്‍, ടി.വി ഓണ്‍ലൈന്‍ പഠനത്തിന്റെ വിരസതയില്‍ നിന്ന് ക്ലാസ് മുറികളിലേക്ക് പഠനം മാറുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. ആദ്യമായി സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അമ്പരപ്പിന്റെ നിമിഷമാകും.
സ്‌കൂളും പരിസരവും രണ്ടു ഘട്ടങ്ങളിലായി വൃത്തിയാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ പരിസരം ശുചിയാക്കിയത്. ക്ലാസ് റൂമുകളുടെ ശുചീകരണവും അണുവിമുക്തമാക്കിയതും അധ്യാപകരുടെ നേതൃത്വത്തിലാണ്.ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് അണുനശീകരണ ലായിനി നിര്‍മിച്ചാണ് ക്ലാസ് റൂമുകള്‍ ശുചീകരിച്ചത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിര്‍ദേശങ്ങളും അദ്ധ്യാപകര്‍ അറിയിക്കുന്നതിനൊപ്പം നോട്ടീസും വിതരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി രക്ഷകര്‍തൃ സമ്മേളനങ്ങളും എല്ലാ സ്‌കൂളുകളിലും ചേര്‍ന്നിരുന്നു. രാവിലെ മുതല്‍ ഉച്ചവരെയാണ് പഠന സമയം ക്രമീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് വിവിധ ബാച്ചുകളായിട്ടാണ് ക്ലാസുകള്‍ നടക്കുക. തിങ്കള്‍ മുതല്‍ ശനി വരെയാണ് ആദ്യ ആഴ്ചകളില്‍ ക്ലാസ്. ഉച്ചഭക്ഷണത്തിനുള്ള സൗകര്യങ്ങളും സ്‌കൂളുകളില്‍ തയ്യാറായിട്ടുണ്ട്. വാഹന സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശങ്ങളിലുള്ള കുട്ടികളെയാണ് ബാച്ച് തിരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍, രോഗികളായവരോ, രോഗലക്ഷണമുള്ള കുട്ടികളൊ സ്‌കൂളില്‍ വരേണ്ടതില്ലെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാകും. അദ്ധ്യാപകരില്‍ 98 ശതമാനവും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്.
അടിമാലി ആയിരമേക്കര്‍ ജനതാ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ രണ്ട് ബാച്ചുകളായാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആദ്യ ബാച്ചിനും വ്യാഴം, വെള്ളി,ശനി ദിവസങ്ങളില്‍ രണ്ടാം ബാച്ചിനുമാണ് ക്ലാസ് ഉണ്ടായിരിക്കുക. പ്രദേശ അടിസ്ഥാനത്തില്‍ ബാച്ച് തിരിച്ചിരിക്കുന്നതിനാല്‍ വിവിധ സ്ഥലങ്ങളിലേക്ക് സ്‌കൂള്‍ ബസ് സൗകര്യം ഉണ്ടായിരിക്കും. കുട്ടികളെ നേരിട്ട് സ്‌കൂളിലെത്തിക്കാനും രക്ഷിതാക്കള്‍ തയ്യാറായിട്ടുണ്ട്. ക്ലാസ് തുടങ്ങുന്നതിനോട് കൂടുതല്‍ രക്ഷിതാക്കളും അനുകൂല പ്രതികരിണമാണെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു. 350 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ തെര്‍മല്‍ സ്‌കാനര്‍, കൈകള്‍ ശുചീകരിക്കാന്‍ സാനിറ്റൈസര്‍, സോപ്പും വെള്ളവും, ആവശ്യക്കാര്‍ക്ക് മാസ്‌ക് തുടങ്ങി എല്ലാ മുന്‍കരുതലുകളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രധാന അധ്യാപകന്‍ എം.ഡി പ്രിന്‍സ് മോന്‍ അറിയിച്ചു. കുട്ടികള്‍ സ്‌കൂളിലെത്തി എന്തെങ്കിലും രോഗലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഇവര്‍ക്കായി സിക്ക് റൂമും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രണ്ടുഘട്ടങ്ങളായി അദ്ധ്യാപകര്‍തന്നെയാണ് സ്‌കൂളും പരിസരവും ശുചിയാക്കിയത്. ശനിയാഴ്ചയും അവസാനവട്ട ശുചീകരണ പ്രവര്‍ത്തനത്തിലായിരുന്നു അദ്ധ്യാപകര്‍.
രാജാക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആധുനിക നിലവാരത്തില്‍ നിര്‍മിച്ച ഹൈടക്ക് ക്ലാസ് മുറികളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മിച്ച ഹൈടെക്ക് മന്ദിരം ഒരു മാസം മുന്‍പ് ഉദ്ഘാടനം ചെയ്തെങ്കിലും കേരളപ്പിറവി ദിനത്തിലാണ് അദ്ധ്യയനം ആരംഭിക്കുക. രാജക്കാട് ഗ്രാമപഞ്ചായത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ സ്‌കൂള്‍ പരിസരം വൃത്തിയാക്കി. അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി. ഒന്ന് മുതല്‍ ഏഴുവരെ ക്ലാസുകള്‍ക്കും പത്ത്, പ്ലസ് ടു ക്ലാസുകള്‍ക്കാണ് തിങ്കളാഴ്ച പഠനം ആരംഭിക്കുക. ഉച്ചഭക്ഷണത്തിനുള്ള ക്രമീകരണവും പൂര്‍ത്തിയാക്കി. എല്ലാവിധ മാര്‍ഗനിര്‍ദേശങ്ങളും രക്ഷിതാക്കള്‍ക്ക് അധ്യാപകര്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രവേശനോത്സവം ഉണ്ടാകില്ല. ആദ്യമായി ഹൈടെക് സ്‌കൂളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ മധുരം നല്‍കിയാണ് സ്വീകരിക്കുക. 985 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ മൂന്ന് ബാച്ചുകളായാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ഒരാഴ്ചയില്‍ ഒരു വിദ്യാര്‍ത്ഥി രണ്ടു ദിവസം ക്ലാസില്‍ വരണം. ഇതുനു പുറമെ ഓണ്‍ലൈന്‍ ക്ലാസും നടക്കും.