ഭാരതീയ ചികിത്സാ വകുപ്പ് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുളള രോഗപ്രതിരോധ പദ്ധതി ‘കിരണ’ത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനവും ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ജില്ലയിലെ 400 ഓളം വരുന്ന സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുന്ന ഔഷധങ്ങളും, ക്ലീനിംഗിന് ശേഷം അണുനശീകരണത്തിനായി ഉപയോഗിക്കുന്ന ധൂപചൂര്‍ണ്ണവുമാണ് പ്രധാനമായും സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതെന്ന് ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ ബിന്ദു പറഞ്ഞു. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി കോവിഡ് പ്രതിരോധത്തില്‍ അവലംബിക്കാവുന്ന ആയുര്‍വേദ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും, രോഗബാധ ഉണ്ടാകുന്ന പക്ഷം സ്വീകരിക്കേണ്ട കരുതല്‍ നടപടികളെ ക്കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസ്സും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്. ചടങ്ങില്‍ സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, നോഡല്‍ ഓഫീസര്‍ ഡോ. ടി.എന്‍ ഹരിശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തു.

*അധ്യാപക നിയമനം*

ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുകളുള്ള കണക്ക്, ഇംഗ്ലീഷ്, കോമേഴ്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ 2 ന് ഉച്ചയ്ക്ക് 3 മണിക്ക് സ്‌കൂളില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാക്കുക.

കോറോം ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ ഫുള്‍ടൈം ജൂനിയര്‍ അറബിക് ടീച്ചര്‍ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന തിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 2 ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകളുമായി കൃത്യസമയത്ത് ഹാജരാകണം.

മൂലങ്കാവ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ സുവോളജി, കോമേഴ്സ്, ഹിന്ദി, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 1 ന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.