ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടുമുതൽ പത്തുവരെയും ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് രാത്രി 11.55 മുതൽ 12.30 വരെയും മാത്രമേ സംസ്ഥാനത്ത് പടക്കങ്ങൾ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്റർ പരിധിയിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിക്കില്ല. ദീപാവലി ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നേരത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിരുന്നു. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.