കായിക യുവജനകാര്യ വകുപ്പ്, സാംസ്‌കാരികവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ‘സമം’ – ‘സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര് 30 ന് നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് പ്രസിഡന്റും ജില്ലാ കലക്ടര് മൃണ്മയി ജോഷി കണ്വീനറായും ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ഒ.വി വിജയന് സാംസ്‌കാരിക സമിതിയ്ക്കാണ് ജില്ലയിലെ സംഘാടന ചുമതല.
സമൂഹത്തില് സ്ത്രീകള്ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്ക്കെതിരെയുള്ള സന്ദേശങ്ങള് ഉള്ക്കൊള്ളുന്ന വിവിധ പരിപാടികളോടെ ഒരു വര്ഷം നീണ്ടു നില്ക്കുന്ന ക്യാമ്പയിന് സംഘടിപ്പിക്കാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില് നടന്ന യോഗത്തില് തീരുമാനമായി. വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ വ്യക്തികളെ ചടങ്ങില് ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില് നടന്ന യോഗത്തില് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, സെക്രട്ടറി എം.രാമന്കുട്ടി, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര് അജയന്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട് , ജില്ലാ ഓഫീസർ എം.എസ് ശങ്കർ, ജില്ലാ ഇന്ഫര്മേഷന് ഓഫീസര് പ്രിയ. കെ.ഉണ്ണികൃഷ്ണന്, സാംസ്‌കാരിക കേന്ദ്രം സെക്രട്ടറിമാര്, ബ്ലോക്ക് തല വജ്ര ജൂബിലി കണ്വീനര്മാര് തുടങ്ങിയവര് പങ്കെടുത്തു.