സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതകളുടെ സംവിധാനത്തില്‍ കെ.എസ്.എഫ്.ഡി.സി ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ച രണ്ടു ചലച്ചിത്രങ്ങളില്‍ ഒന്നായ ‘നിഷിദ്ധോ’ 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ) ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. നവാഗതയായ താരാ രാമാനുജന്‍ ആണ് നിഷിദ്ധോയുടെ സംവിധായിക.
സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം ചലച്ചിത്ര നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 60-ല്‍ ഏറെ തിരക്കഥകളില്‍ നിന്ന് രഘുനാഥ് പലേരി നേതൃത്വം നല്‍കിയ ജൂറിയാണ് ‘നിഷിദ്ധോ’ നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്തത്.

കുക്കു പരമേശ്വന്‍, ഫൗസിയ ഫാത്തിമ, ദീദി ദാമോദരന്‍, മനീഷ് നാരായണന്‍ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങള്‍. ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് വന്ന ദുര്‍ഗ്ഗാ വിഗ്രഹം നിര്‍മ്മിക്കുന്നതില്‍ നൈപുണ്യമുള്ള ‘രുദ്ര’ എന്ന അതിഥി തൊഴിലാളിയും വയറ്റാട്ടിയായി ജോലി നോക്കുകയും അതേ സമയം മരണാനന്തര ക്രിയകള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന ‘ചാവി’ എന്ന തമിഴ് പെണ്‍കുട്ടിയുമായുള്ള സൗഹൃദം, മാറുന്ന കേരളത്തിന്റെ പശ്ചാത്തലത്തില്‍ ‘നിഷിദ്ധോ’ എന്ന ചിത്രം അവതരിപ്പിക്കുന്നു.

അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ‘തന്‍മയ് ധനാനിയ’ രുദ്രയായും ‘കനി കുസൃതി’ ചാവിയായും നിഷിദ്ധോയില്‍ അഭിനയിക്കുന്നു. പ്രസ്തുത ചിത്രം ചിത്രഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധി മിറകടന്ന് നിര്‍മ്മിച്ചതാണ്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം അടുത്ത ഘട്ടത്തില്‍ കെ.എസ്.എഫ്.ഡി.സി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ചിത്രങ്ങളുടെ വിവരം ഉടന്‍ പ്രഖ്യാപിക്കും.