ചാറ്റല്‍ മഴയുടെ ഇമ്പത്തിനൊപ്പം തബലയുടെ ചടുലതാളവശ്യതകൊണ്ട് സദസിന്റെ കയ്യടി നേടി റിംപ ശിവയുടെ മാസ്മരിക പ്രകടനം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മണ്‍സൂണ്‍ സംഗീതോത്സവത്തില്‍ റിംപ ശിവയും മൃത്യുഞ്ജയ് മുഖര്‍ജിയും ചേര്‍ന്ന് അവതരിപ്പിച്ച തബല-ഓടക്കുഴല്‍-ഹിന്ദുസ്ഥാനി സംഗീത വിരുന്ന് അനന്തപുരിക്ക് നവ്യാനുഭവമായി.
ആദ്യ ഒരു മണിക്കൂര്‍ റിംപ ശിവയ്‌ക്കൊപ്പം ഹാര്‍മോണിയത്തില്‍ സതീഷ് കൊള്ളിയും പിന്നീട് പുല്ലാങ്കുഴലില്‍ മൃത്യുഞ്ജയ് മുഖര്‍ജിയും ഈണമിട്ടു. തബലവാദന രംഗത്തെ വനിതാ സാന്നിദ്ധ്യമായ റിംപയുടെ പ്രകടനം ആസ്വദിക്കാന്‍ നൂറുകണക്കിന് സംഗീത പ്രേമികളാണ് നിശാഗന്ധിയിലെത്തിയത്.
പിതാവ് പ്രൊഫ. സ്വപന്‍ ശിവയില്‍നിന്ന് തന്റെ മൂന്നാം വയസ്സ് മുതല്‍ സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ച റിംപ ശിവ പുരുഷ മേധാവിത്വം നിലനിന്നിരുന്ന തബല വാദ്യ രംഗത്ത് പുത്തന്‍ ചരിത്രം രചിച്ചു. ഫാറൂഖാബാദ് ശൈലിയിലാണ് റിംപ ശിവ തബല വായിക്കുന്നത്.