കൊച്ചി: ഹൃദ്രോഗം, ഉദര രോഗം തുടങ്ങി ജീവിത ശൈലീ രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പഞ്ചായത്ത് തലത്തില്‍ ആരോഗ്യ പരിശോധന കാര്‍ഡ് ലഭ്യമാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ നിര്‍ദ്ധനരായ ഹൃദ്രോഗികള്‍ക്കായി ഹൈബി ഈഡന്‍ എം.പി. നടപ്പാക്കുന്ന സൗജന്യ ആന്‍ജിയോപ്ലാസ്റ്റി പദ്ധതിയായ “ഹൃദയത്തില്‍ ഹൈബി ഈഡന്‍” പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിലെ നവീകരിച്ച ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.സംസ്ഥാനത്തെ മികച്ച ചികിത്സാ സംവിധാനത്തെ മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആളുകള്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതരത്തില്‍ ഹെല്‍ത്ത് ടൂറിസം പദ്ധതിക്കുകൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു.
+914843503177 എന്ന നമ്പറിൽ വിളിച്ചാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും മുന്‍ ഡി.എം.ഒ ഡോ.ജുനൈദ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് തിരഞ്ഞെടുക്കപ്പെടുന്ന 100 രോഗികള്‍ക്ക് ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.നിജില്‍ ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം സൗജന്യമായി ആന്‍ജിയോപ്ലാസ്റ്റി നടത്തുമെന്നും, റോട്ടറി ക്ലബിന്റെ സഹകരണത്തോടെ 40 പേര്‍ക്ക് സൗജന്യമായി പേസ്‌മേക്കര്‍ ഘടിപ്പിക്കുന്ന പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ കൂടി ആരംഭിച്ചിട്ടുണ്ടെന്നും എം. പി പറഞ്ഞു.
കാരുണ്യ ഹൃദയാലയയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായിമാറിയ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നിലവില്‍ സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആയുഷ്മാന്‍ പദ്ധതി എന്നിവയില്‍ അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ഹൃദ്രോഗ ചികിത്സ സൗജന്യമാണെന്ന് ആശുപത്രി സെക്രട്ടറി അജയ് തറയില്‍ പറഞ്ഞു. യോഗത്തില്‍ ആശുപത്രി പ്രസിഡന്റ് എം.ഒ.ജോണ്‍, ടി.ജെ.വിനോദ് എം.എല്‍.എ, ഡോ.എം.ഐ.ജുനൈദ് റഹ്‌മാന്‍, രഞ്ജിത് വാര്യര്‍, ജെബി മേത്തര്‍, സി.പി.ആര്‍.ബാബു, ഇക്ബാല്‍ വലിയവീട്ടില്‍, അഗസ്റ്റസ് സിറിള്‍, പി.വി.അഷറഫ്, ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.