മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ സന്ദര്‍ശനം. ജനങ്ങളുടെ വിഷമത നേരിട്ടറിഞ്ഞ മന്ത്രി അവരില്‍ ഒരാളായി മാറി. ക്യാമ്പുകളില്‍ കഴിയുന്നവരോട് ഭക്ഷണം ഉള്‍പ്പെടെ ലഭ്യമായിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. അവശ്യസേവനങ്ങള്‍ ക്യാമ്പുകളില്‍ ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടാവരുതെന്ന് തഹസീല്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
ഇന്നലെ രാവിലെ കോഴഞ്ചേരിക്കു സമീപം വഞ്ചിത്ര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്. തങ്ങളുടെ വീടുകളിലേക്കുള്ള വഴിയിലെ പോസ്റ്റില്‍ വഴിവിളക്കിനുള്ള പ്രത്യേക ലൈന്‍ വലിച്ചിട്ടില്ലെന്നും ഇതിനു പരിഹാരം വേണമെന്നും ഇവര്‍ പറഞ്ഞു. ഇതിനാവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന്് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമന്‍ പറഞ്ഞു.ഇക്കാര്യം പരിഹരിക്കുന്നതിന് കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടാമെന്ന്് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, റോസമ്മ മത്തായി, മുന്‍ മെമ്പര്‍ റോയ് ജോര്‍ജ്, കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആറന്മുള നിയോജകമണ്ഡലത്തിലെ എഴിക്കാട് കോളനിയിലെ 187 വീടുകളില്‍ വെളളം കയറി. ഇവിടെയുള്ളവരെ എഴിക്കാട് കമ്യൂണിറ്റി സെന്ററിലെ ക്യാമ്പിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മന്ത്രി മാത്യു ടി തോമസും വീണാ ജോര്‍ജ് എംഎല്‍എയും ക്യാമ്പിലുള്ളവരുമായി മുക്കാല്‍ മണിക്കൂറോളം സംവദിച്ചു. പ്രകൃതി ക്ഷോഭം മൂലമുള്ള ദുരിതത്തെ നേരിടുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ക്യാമ്പിലെ ശുചീകരണം കൃത്യമായി നടത്തണമെന്നും ഭക്ഷണം പാചകം ചെയ്യുന്നതിന് ക്യാമ്പിലുള്ളവര്‍ ആവശ്യപ്പെടുന്ന സൗകര്യം ഏര്‍പ്പെടുത്തി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ആനന്ദവല്ലി, സൂസന്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കും എംഎല്‍എക്കുമൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രി മാത്യു ടി തോമസും, വീണാ ജോര്‍ജ് എംഎല്‍എയും നെടുമ്പ്രയാര്‍ എംഡി എല്‍പി സ്‌കൂളിലെയും മാരാമണ്‍ ചെറുപുഷ്പം എല്‍പി സ്‌കൂളിലെയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
മല്ലപ്പള്ളി സെന്റ്‌മേരീസ് എല്‍പി സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി മാത്യു ടി തോമസ് ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവേല്‍, ഗ്രാമപഞ്ചായത്തംഗം മോളി ജോയ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല, മല്ലപ്പള്ളി തഹസീല്‍ദാര്‍ സോമനാഥന്‍ നായര്‍, തഹസീല്‍ദാര്‍(ഭൂരേഖ) ആശ ആര്‍ നായര്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് എച്ച്എസ്എസിലെ രണ്ടു ക്യാമ്പുകള്‍ മന്ത്രി മാത്യു ടി തോമസ് സന്ദര്‍ശിച്ചു. ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ഇവിടെ ഭക്ഷണം തയാറാക്കുന്നത് മന്ത്രി പരിശോധിച്ചു. തുരുത്തിക്കാട് ഗവ.യുപി സ്‌കൂളില്‍ ഭക്ഷണം തയാറാക്കുന്നതിന് വിറകോ, അടുപ്പോ ലഭ്യമായിട്ടില്ലെന്ന് മനസിലാക്കിയ മന്ത്രി ഇത് എത്രയും വേഗം ക്രമീകരിച്ചു നല്‍കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വെണ്ണിക്കുളം ഗവ. പോളിടെക്‌നിക്ക് കോളജിലെ ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ കഴിയുന്ന കാന്‍സര്‍ രോഗിയായ കീമോതെറാപ്പിക്കു വിധേയമായിട്ടുള്ള വീട്ടമ്മയെ പ്രത്യേക പരിരക്ഷ ലഭിക്കുന്നതിന് സുരക്ഷിതമായ ഒരു വീട്ടിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സജി ചാക്കോ, വിനിത് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിജി മാത്യു തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുളിക്കീഴ് വാട്ടര്‍ അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 54 കുടുംബങ്ങളെ മന്ത്രി മാത്യു ടി തോമസ് സന്ദര്‍ശിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, മെമ്പര്‍മാരായ വി.കെ. മധു, പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ബിനില്‍ കുമാര്‍, തിരുവല്ല തഹസീല്‍ദാര്‍ ശോഭന ചന്ദ്രന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങള്‍ പ്രാദേശികമായി വാങ്ങരുതെന്നും സിവില്‍ സപ്ലൈസില്‍ നിന്നു വാങ്ങണമെന്നുമുള്ള നിര്‍ദേശം പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം നിരണം വടക്കുംഭാഗം സെന്‍ട്രല്‍ എല്‍പി സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിക്കവേ ജനപ്രതിനിധികള്‍ മന്ത്രി മാത്യു ടി തോമസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ക്യാമ്പുകളിലേക്കുള്ള സഹായം അടിയന്തിരമായി ലഭ്യമാക്കുന്നെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ച് മന്ത്രി നിര്‍ദേശം നല്‍കി. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, മെമ്പര്‍മാരായ മാത്യു എം. വര്‍ഗീസ്, പി.സി. പുരുഷന്‍ എന്നിവരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിരണം വടക്കുംഭാഗത്തെ കണ്ണഞ്ചേരില്‍ ജോണ്‍ കെ. വര്‍ഗീസിന്റെ വീട്ടില്‍ സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പും മന്ത്രി മാത്യു ടി. തോമസ് സന്ദര്‍ശിച്ചു. ഇവിടെ 30 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കാല്‍മുട്ടോളം വെള്ളം കയറി കിടക്കുന്ന റോഡിലൂടെ ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് നിരണം നോര്‍ത്തിലെ എം.ഡി.എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി മാത്യു ടി തോമസ് സന്ദര്‍ശിച്ചു. ഇതിനു പുറമേ, നിരണം ശിശു വിഹാറിലെയും മുകളടി ഗവ.യുപിഎസിലെയും ക്യാമ്പുകളും മന്ത്രി മാത്യു ടി തോമസ് സന്ദര്‍ശിച്ചു.