തൃശൂര്‍: വന്യമൃഗശല്യം രൂക്ഷമായ പാലപ്പിള്ളി മേഖലയിൽ വനംവകുപ്പിന്റെ അടിയന്തര സേവനം ലഭ്യമാക്കുന്നതിനായി പുതിയ ഒരു ഫോറസ്റ്റ് ഔട്ട്പോസ്റ്റ് കൂടി പ്രവർത്തനമാരംഭിച്ചു. പാലപ്പിള്ളി വലിയകുളത്ത് പ്രവർത്തനം ആരംഭിച്ച ഔട്ട്പോസ്റ്റിന്റെ ഉദ്ഘാടനം
കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. ഔട്ട്പോസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ മേഖലയിൽ അടിയന്തര സാഹചര്യങ്ങളിൽ താമസം കൂടാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാൻ കഴിയും. കഴിഞ്ഞ മാസം എലിക്കോടും ഒരു ഔട്ട്പോസ്റ്റ് പ്രവർത്തനമാരംഭിച്ചിരുന്നു. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ച ഔട്ട് പോസ്റ്റിൽ 4 വാച്ചർമാരുടെ സേവനം ലഭ്യമാകും. ചിമ്മിനി വൈൽഡ് ലൈഫ്, പാലപ്പിള്ളി റേഞ്ച് വാർഡൻമാരാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഔട്ട്പോസ്റ്റിൽ കൃത്യനിർവഹണം നടത്തുക. കാട്ടാന ശല്യം രൂക്ഷമായ സ്ഥലത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം വിനോദസഞ്ചാരികൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്താനും വാർഡ്ന്മാരുടെ സേവനം ഉപയോഗപ്പെടുത്തും. കൂടാതെ വന്യജീവികളുടെ ആവാസവ്യവസ്ഥയെ ദുരുപയോഗം ചെയ്യാതെ സന്ദർശനം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികളും ഇതോടൊപ്പം നടപ്പിലാക്കും. ചാലക്കുടി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി കാഴ്ചവെച്ച മ്യൂസിക്കൽ വീഡിയോ ആൽബം ‘തളരില്ല നമ്മളി’ ന്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. ചടങ്ങിൽ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സംബുദ്ധ മജൂമ്ദാർ, പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേം ഷമീർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാലപ്പിള്ളി മേഖലയിൽ പുതിയ ഫോറസ്റ്റ് ഔട്ട്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു
Home /ജില്ലാ വാർത്തകൾ/തൃശ്ശൂർ/പാലപ്പിള്ളി മേഖലയിൽ പുതിയ ഫോറസ്റ്റ് ഔട്ട്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു