കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓണക്കാലത്ത് ടൂറിസം വകുപ്പ് നടത്തിയ വെർച്വൽ പൂക്കളമത്സരമായ ലോകപൂക്കളം വരും വർഷങ്ങളിലും തുടരുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു.
ഓണാഘോഷത്തിന്റെ മഹത്തരമായ മതേതര മൂല്യം കണക്കിലെടുത്തുകൊണ്ടാണ് വിർച്വൽ ലോക പൂക്കളമത്സരം തുടർ വർഷങ്ങളിലും നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
പ്രവാസികൾ അടക്കം 1,331 പേരാണ് ഈ വർഷം ആദ്യമായി നടത്തിയ ലോകപൂക്കള മത്സരത്തിൽ പങ്കെടുത്തത്.
പ്രവാസികളായ മലയാളികളെ അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ കേരളത്തിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് പ്രചാരണം നടത്തുന്ന ബ്രാൻഡ് അംബാസിഡർമാരായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസുകൾ ടൂറിസ്റ്റുകൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കുന്ന പദ്ധതിക്ക് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത് ആദ്യ ആഴ്ചയിൽ തന്നെ ആറര ലക്ഷം രൂപയുടെ ബുക്കിംഗ് നടന്നുവെന്ന് മന്ത്രി പറഞ്ഞു. കാരവൻ, സിനിമ ടൂറിസം മാതൃകയിൽ മറ്റ് ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന്റെ എല്ലാ വകുപ്പുകളുമായി ഒരുവട്ടം ചർച്ച പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു.
പി.ഡബ്ല്യു.ഡി യുടെ കീഴിലുള്ള ഉപയോഗശൂന്യമായ പാലങ്ങൾ ഏതെല്ലാം രീതിയിൽ ടൂറിസത്തിനായി ഉപയോഗപ്പെടുത്താമെന്നുള്ള ചർച്ചകൾ നടക്കുകയാണ്.
സിനിമ പിന്നണി ഗായകൻ എം.ജി ശ്രീകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ടൂറിസം ഡയറക്ടർ കൃഷ്ണ തേജ മൈലവരപ്പ്, കെ. വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു.