ആരോഗ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആദ്യം സന്ദര്‍ശിച്ചത് ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ കിടത്തി ചികിത്സ നടത്താനായി മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളൊക്കെയും മന്ത്രി നേരിട്ട് കണ്ടു. ഒ.പി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം വേഗത്തിലാക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായാണ് മന്ത്രി നേരിട്ടെത്തിയത്.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. കോവിഡ് ആശുപത്രിയാക്കി മെഡിക്കല്‍ കോളേജിനെ മാറ്റിയപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിന് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. തുടര്‍ന്ന് ആശുപത്രിക്കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതിയും വിലയിരുത്തി.

എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയരക്ടര്‍ ഡോ.തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ.ആദര്‍ശ് എം.ബി, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ.ഇ.മോഹനന്‍, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.