*പ്രത്യേക സാമ്പത്തിക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഇടനാഴികള്‍
* കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ക്ക് ഇളവുകള്‍
* കയറ്റുമതി അധിഷ്ഠിത നിര്‍മ്മാണം
മന്ത്രിസഭാ യോഗം അംഗീകരിച്ച വ്യവസായ നയം സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വികസനം ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികളുമായാണ് സര്‍ക്കാരിന്റെ വ്യവസായ നയമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉയര്‍ന്ന ജനസാന്ദ്രതയും സാക്ഷരതയും സ്ഥലലഭ്യതയുമെല്ലാം പഠിച്ച ശേഷമാണ് വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റെഗുലേറ്ററി നടപടിക്രമങ്ങളുടെ ലഘൂകരണം, നിലവിലെ വ്യവസായങ്ങളുടെ ശാക്തീകരണം എന്നിവയാണ് പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. തദ്ദേശീയ വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഗ്രാമീണവ്യവസായങ്ങള്‍ ആരംഭിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണവും നിക്ഷേപങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും ഹരിത പദ്ധതികള്‍ തുടങ്ങുന്നതും പാരമ്പര്യവ്യവസായങ്ങള്‍ക്ക് സഹായം നല്‍കുന്നതുമെല്ലാം നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചൂഷണം ഒഴിവാക്കുക, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ആരംഭിക്കുക,, വിവിധ വകുപ്പുകളുടെ ഏകീകൃത പ്രവര്‍ത്തനത്തിനും നിരീക്ഷണത്തിനുമായി എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കുക, സുതാര്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം നയത്തിന്റെ ഭാഗമാണ്.
എല്ലാ ജില്ലകളിലും ഇന്‍ഡസ്ട്രിയല്‍ ഗാലാകള്‍ സ്ഥാപിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഭൂമി അനുവദിക്കുന്നതില്‍ സുതാര്യതയും നിലവിലെ വ്യവസ്ഥകളിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ പുതിയ ചട്ടം രൂപീകരിക്കുകയും ചെയ്യും. നിലവിലെ വ്യവസായ മേഖലകളിലെയും പാര്‍ക്കുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം വ്യവസായ മേഖലകളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കും.
സ്വകാര്യ പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ പാര്‍ക്കുകളും ദേശീയ, സംസ്ഥാന പാത, റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയവയുമായി ബന്ധിപ്പിച്ച് അനുബന്ധ റോഡുകളും നിര്‍മ്മിക്കുക, വ്യവസായ മേഖലകള്‍ക്ക് അനുബന്ധമായി വൈദഗ്ധ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. വിവിധോദ്ദ്യേശ്യ വ്യവസായ സോണുകളില്‍ ഉള്‍പ്പെടുത്തി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറ് ശതമാനം ഇളവ് വരുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് സബ്‌സിഡി അനുവദിക്കുകയും ചെയ്യും.
പ്രധാന മേഖലകളില്‍പെടുത്തി കൃഷിയും ഭക്ഷ്യസംസ്‌കരണവും സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്ര ഉല്‍പ്പന്നങ്ങള്‍, നാളികേരം, കപ്പ, കയര്‍ തുടങ്ങിവയ്ക്ക് പ്രാധാന്യം നല്‍കും. ആമ്പല്ലൂരില്‍ ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, കാക്കനാട് ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍, പാലക്കാട് ഡിഫെന്‍സ് പാര്‍ക്ക്, കെല്‍ട്രോണിന്റെ ശാക്തീകരണം, അന്താരാഷ്ട്ര ഫര്‍ണിച്ചര്‍ ഹബ്, തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്ക്, അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, നാനോ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ചവറയില്‍ ടൈറ്റാനിയം മിനറല്‍ കോംപ്ലക്‌സ്, ഫാക്ടിന്റെ 600 ഏക്കര്‍ സ്ഥലത്ത് പ്രൊപ്പിലീന്‍ ഡെറിവേറ്റീവുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പെട്രോകെമിക്കല്‍സ് എന്നിവ ആരംഭിക്കുന്നതിനൊപ്പം സിമന്റ്, കമ്പി എന്നിവയുടെ വില നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിക്കും. കൃഷി അടിസ്ഥാനമാക്കിയ വ്യവസായങ്ങള്‍ പ്രോല്സാഹിപ്പിക്കുന്നതിനൊപ്
പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കുകയും മലബാര്‍ സിമന്റിന്റെ ഉല്‍പ്പാദനം ഇരട്ടിപ്പിക്കുക, ട്രാവന്‍കൂര്‍ സിമെന്റ്‌സില്‍ ഗ്രേ സിമിന്റിന്റെ ഉല്‍പ്പാദനം ആരംഭിക്കുക, ട്രാവന്‍കൂര്‍ കെമിക്കല്‍സിന്റെ ക്ഷമത ഇരട്ടിപ്പിക്കുക എന്നീ നടപടികള്‍ ആരംഭിക്കും. സംരംഭകത്വ വികസനത്തിന്റെ ഭാഗമായി വനിതാ സംരംഭകരുടെ പ്രോല്‍സാഹനത്തിന് വിമന്‍ എന്റര്‍പ്രണര്‍ഷിപ്പ് ആരംഭിക്കും. പ്രവാസികളായ കേരളീയര്‍ക്കായി വ്യവസായ എസ്റ്റേറ്റുകളില്‍ അഞ്ച് ശതമാനം പ്രവാസികള്‍ക്കായി സംവരണം ചെയ്യും.
ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് വാണിജ്യ മിഷന്‍, വിദേശ നിക്ഷേപങ്ങള്‍ക്ക് ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തും. കെട്ടിട നിര്‍മ്മാണ അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിന് പുതിയ സോഫ്റ്റ് വെയര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വ്യാപിപ്പിക്കും. ക്ലിയറന്‍സിന് പരമാവധി 30 ദിവസം. 30 ദിവസം കഴിഞ്ഞാല്‍ ഡീംഡ് ലൈസന്‍സ്.എല്ലാ ലൈസന്‍സുകളുടെയും കാലാവധി അഞ്ചു വര്‍ഷമാക്കും.
യന്ത്രവത്കരണത്തിലൂടെ കയര്‍ മേഖലയെ ശാക്തീകരിക്കുന്നതിനൊപ്പം കയര്‍ഫെഡ്, കയര്‍ കോര്‍പ്പറേഷന്‍ എന്നിവയിലൂടെ പരമ്പരാഗത തൊഴിലാളികളില്‍നിന്നും കയര്‍ സംഭരിക്കുകയും ചെയ്യും. ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ചരക്ക് വിതരണത്തിനും ഗതാഗതത്തിനും സഞ്ചാര മാര്‍ഗം സൃഷ്ടിക്കുന്നതിന് കൊച്ചിയില്‍ 100 ഏക്കര്‍ സ്ഥലത്ത് ലോജിസ്റ്റിക് ഹബ് വികസിപ്പിക്കും. വിദേശ രാജ്യങ്ങളില്‍നിന്നും അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിന് കേരള കാഷ്യു ബോര്‍ഡ് രൂപീകരിക്കും. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വ്യവസായ നയത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.