മതങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാതെ മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ നില്‍ക്കുന്ന കേരളം പ്രതീക്ഷയുടെ അവസാന തുരുത്താണെന്ന് പ്രസിദ്ധ ഡോക്യുമെന്റി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ ആദ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേരതരത്വത്തിന്റെ ദീപശീഖ മറ്റുള്ള സംസ്ഥാനങ്ങളില്‍ കെട്ടു പോകുമ്പോള്‍ കേരളം അത് ഉയര്‍ത്തിപ്പിടിപ്പിച്ച് മുന്നേറുകയാണെന്നും അതിന് തന്നെപ്പോലുള്ളവര്‍ നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം മേളകളില്‍ സമ്മാനാര്‍ഹമാകുന്ന ചിത്രങ്ങള്‍ വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരളം തയ്യാറാകണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന രാകേഷ് ശര്‍മ്മ പറഞ്ഞു. അത്തരം പ്രദര്‍ശനങ്ങള്‍ സംവാദങ്ങള്‍ക്കുള്ള ഇടം തുറക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.