പരിശീലനം ലഭിച്ചത് എഴുന്നൂറോളം പേര്‍ക്ക്‌

മികച്ച ഗുണനിലവാരമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനോടൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പാല്‍ഗുണനിയന്ത്രണ ജാഗ്രത യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഏഴുനൂറോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. ജില്ലയിലെ 13 ബ്ലോക്കുകളിലെ ക്ഷീരസംഘങ്ങളിലെ സെക്രട്ടറിമാര്‍, ലാബ് അസിസ്റ്റന്റുമാര്‍, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. പാലിന്റെ അളവിനൊപ്പം ഗുണമേന്മ കൂടി ഉറപ്പുവരുത്തി ക്ഷീരോല്‍പാദനത്തില്‍ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കുകയാണ് യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജെ. എസ്. ജയസുജീഷ് പറഞ്ഞു.
മായം, അന്യവസ്തുകള്‍, മാലിന്യം എന്നിവ അടങ്ങാത്ത പാല്‍ സംഘങ്ങളില്‍ എത്തിക്കുക, പാലിലെ ഖരപദാര്‍ഥങ്ങള്‍ നിശ്ചിത അളവില്‍(കനം) വര്‍ധിപ്പിക്കുക, പാലിലെ അണുജീവികളുടെ എണ്ണം കുറയ്ക്കുക, എല്ലാ ക്ഷീരസംഘങ്ങളും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസന്‍സ് എടുക്കുക, ആന്റിബയോട്ടിക് ഇല്ലാത്ത പാല്‍ നല്‍കുക, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുക എന്നിവയാണ് പാല്‍ ഗുണനിയന്ത്രണ ജാഗ്രതായജ്ഞം ലക്ഷ്യം വെയ്ക്കുന്നത്. അതിനായി ഇത്തരം കാര്യങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് വിശദമായ ക്ലാസുകള്‍ നല്‍കും. കര്‍ഷകര്‍ക്കൊപ്പം ക്ഷീരസംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. .
യജ്ഞത്തിലൂടെ ലക്ഷ്യം കൈവരിക്കുന്ന ക്ഷീരസംഘങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. കൂടാതെ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ് അംഗീകാരമുള്ള ഇന്റര്‍നാഷനല്‍ ലെവല്‍ സ്റ്റേറ്റ് ഡയറി ലാബിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. പദ്ധതിയുടെ ഭാഗമായി 15 ദിവസത്തില്‍ ഒരിക്കല്‍ ക്ഷീരസംഘങ്ങളില്‍ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഗുണമേന്മ പരിശോധന നടത്തും.നിലവില്‍ പാല്‍ ഉല്‍പാദനരംഗത്ത് സംസ്ഥാനത്തിന് 87 ശതമാനം വളര്‍ച്ചയാണ് ഉള്ളത്. 2018 ഡിസംബര്‍ 31-നകം പാല്‍ ഉത്പാദനരംഗം സമ്പൂര്‍ണ്ണ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 324 ക്ഷീരസംഘങ്ങളിലായി പ്രതിദിനം 2,90,000 ലിറ്റര്‍ പാലാണ് ഉല്‍പാദിപ്പിക്കുന്നത്. യജ്ഞത്തിന്റെ ലക്ഷ്യം ക്ഷീരകര്‍ഷകരിലെത്തിക്കുന്നതിനായി തിരഞ്ഞെടുത്ത ക്ഷീരസംഘങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് പരിശീലനം തുടരുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിച്ച ത്രൈമാസ പാല്‍ഗുണനിയന്ത്രണ ജാഗ്രതായജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 21ന് പത്തനംതിട്ടയില്‍ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തിരുന്നു. ആഗസ്റ്റ് 31 വരെയാണ് ജാഗ്രതായജ്ഞം സംഘടിപ്പിക്കുന്നത്.