തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി പൊന്നാനിയില്‍ ഗുഡ് ഫുഡ് പ്രീ കോണ്‍ക്ലേവ് ശില്‍പശാല സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രീ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹോം കോ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. ജോയ് ആയുഷ് കോണ്‍ക്ലേവിനെക്കുറിച്ച് വിശദീകരിച്ചു. ഡോ. എം. സിജിന്‍ സ്വാഗതവും വി. പി. ഗംഗാധരന്‍ സ്വാഗതം ആശംസിച്ചു. നല്ല ഭക്ഷണത്തിന്റെ സാമൂഹികാവശ്യകതയെക്കുറിച്ച് കേരള ജൈവ കര്‍ഷക സമിതി സെക്രട്ടറി വി. അശോക കുമാര്‍ സംസാരിച്ചു.

ചക്കയുല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രമേഹ ചികിത്സയില്‍ ഗവേഷണം നടത്തുന്ന ഡോ. കാര്‍ത്തിക് കൃഷ്ണന്‍, ഇല ഭക്ഷണം ഉപയോഗിച്ച് സ്ത്രീകളിലെ പ്രത്യുല്‍പാദനാരോഗ്യ പദ്ധതിയായ ആയുഷ്മതിക്ക് നേതൃത്വം നല്‍കിയ തൃശൂര്‍ ഡി.എം.ഒ (ISM) ഡോ. ഷീല കാറളം, സ്വയം കൃഷി ചെയ്ത് മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന ജൈവകര്‍ഷകനായ ജയകൃഷ്ണന്‍ ചാത്തമംഗലം, യുനാനിയിലെ ഭക്ഷ്യ ചികിത്സയെക്കുറിച്ച് ഡോ. വഹാബ്, സ്ത്രീകളുടെ ആരോഗ്യ ഭക്ഷണത്തെക്കുറിച്ച് കോട്ടക്കല്‍ ആയുര്‍വേദ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ബീന റോസ്, നാട്ടുചെടികളുടെ ആഹാര ഔഷധമൂല്യത്തെക്കുറിച്ച് എ.ആര്‍. അമ്പിളി , കുട്ടികളുടെ ആരോഗ്യ ഭക്ഷണത്തെക്കുറിച്ച് ഡോ. എ ഷാബു, പത്തിലക്കറിയെക്കുറിച്ച് ഡോ. കെ. നിഷ, സീറോ വേസ്റ്റ് പച്ചക്കറി വിഭവങ്ങളെക്കുറിച്ച് ഡോ. വത്സലാ ദേവി, വിദേശ രാജ്യങ്ങളിലെ തനത് ഭക്ഷണ ശൈലികളെ ക്കുറിച്ച് ഡോ. സജിന്‍ ഫിലിപ്പ്, ഡോ. റിയാസ് കെ. യൂസഫ്, രജീഷ് ഊപാല എന്നിവര്‍ പ്രീ കോണ്‍ക്ലേവ് ചര്‍ച്ചകളില്‍ പങ്കെടുത്തു.