സ്വാതന്ത്ര്യ സമര സ്മൃതി ചിത്രമതില്‍ നാടിന് സമര്‍പ്പിച്ചു
സ്വാതന്ത്ര്യ ചരിത്രം വക്രീകരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള ആസൂത്രിതമായ പദ്ധതികളെ ജാഗ്രതയോടെ നേരിടണമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ 75-മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ലളിത കലാ അക്കാദമി ഒരുക്കിയ സ്വാതന്ത്ര്യ സമര സ്മൃതി ചുമര്‍ചിത്രങ്ങള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശ്രദ്ധയോടെ നോക്കിക്കാണണം. സമര പോരാട്ടങ്ങളുടെ ഉജ്വല പാരമ്പര്യമാണ് നമുക്കുള്ളത്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കണം. പൊരുതി നേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, വൈസ് ചെയര്‍മാന്‍ എബി എന്‍ ജോസഫ്, സെക്രട്ടറി പി വി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.