ഹെലികോപ്ടർ അപകടത്തിൽ മരിച്ച രാജ്യത്തിൻ്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ ബിപിൻ റാവത്തിനും ഒപ്പം കൊല്ലപ്പെട്ടവർക്കും പുഷ്പചക്രവും പുഷ്പാർച്ചനയും അർപ്പിച്ചു. കോർപറേഷൻ മേയർ എം കെ വർഗീസ്, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ മേജർ ഷിജു ഷരീഫ്, കൗൺസിലർ പ്രസാദ്, സൈനിക-പൂർവ്വസൈനികർക്ക് വേണ്ടി റിട്ട.കേണൽ എച്ച് പദ്മനാഭൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
കേരളാ എക്സ് സർവീസസ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥൻ നായർ, എൻ സി സി ഉദ്യോഗസ്ഥർ, എൻ സി സി കേഡറ്റുകൾ, മറ്റ് സംഘടനകൾ, പൊതുജനങ്ങൾ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.സേനാ മേധാവി ബിപിൻ റാവത്ത് രാജ്യത്തിന് എക്കാലവും മാതൃകയായ ധീര വ്യക്തിത്വമാണെന്ന് മേയർ എം കെ വർഗീസ് അനുസ്മരിച്ചു. ഫീൽഡ് മാർഷൽ സാം മനേക്ഷയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്തെന്ന് കേണൽ പദ്മനാഭൻ അനുസ്മരിച്ചു. ഈ അപകടത്തിൽ മുഴുവൻ സേനയും ഞെട്ടലിൽ ആണെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തിനെക്കുറിച്ചോ രാജ്യസുരക്ഷയെക്കുറിച്ചോ യാതൊരു ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.