എടവിലങ്ങിൽ പുതിയ സപ്ലൈകോ സൂപ്പർ സ്റ്റോർ
റേഷൻവിതരണം കുറ്റമറ്റതാക്കുമെന്ന് മന്ത്രി
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അസൗകര്യങ്ങൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി ആർ അനിൽ. എടവിലങ്ങ് സെൻ്ററിൽ ആരംഭിച്ച സപ്ലൈകോ സൂപ്പർ സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിതരണ മേഖല വമ്പിച്ച മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. മുൻഗണന പട്ടിക പരിഷ്ക്കരിച്ച് അർഹതയുള്ള ഒന്നരലക്ഷം പേരെ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. റേഷൻ കടകളുടെ സേവനങ്ങളിൽ കാലികമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മാർച്ച് 31 നകം ഇ-കാർഡ്, സ്മാർട്ട് കാർഡ് സംവിധാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരിജ ആദ്യ വിൽപ്പന നടത്തി. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാധകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് കെ.കെ.മോഹനൻ, ജനപ്രതിനിധികളായ ഷാഹിന ജലീൽ, നിഷ അജിതൻ, എം ആർ കൈലാസൻ, റേഷനിങ് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, ജില്ലാ സപ്ലൈ ഓഫീസർ ടി.അയ്യപ്പദാസ് എന്നിവർ സംസാരിച്ചു.