ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം കാലാനുസൃതമായി മെച്ചപ്പെടുത്തി വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുമെന്ന് സംസ്ഥാന ദേവസ്വം – പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണിത്. മാനുഷികതയിലൂന്നിയ വിശ്വാസങ്ങളും ആത്മീയതകളുമാണ് ആരാധനാലയങ്ങളുടെ വിശുദ്ധി. എല്ലാവരും നന്മയോട് കൂടെയൊടെ ജീവിക്കുന്ന ലോകമുണ്ടാകണം. സമത്വത്തോടെ മുന്നേറാനാണ് മഹമാരിയായ കൊറോണ കാലവും നമ്മെ പഠിപ്പിച്ചത്. ക്ഷേത്ര പരിസരങ്ങളില്‍ വൃത്തിയും ശുചിത്വവും പരിപാലിക്കണം. ഭക്തര്‍ക്ക് എല്ലാവിധ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സഹായങ്ങളുണ്ടാകും. കോവിഡ് കാലഘട്ടത്തില്‍ പ്രയാസമനുഭവിച്ച ക്ഷേത്ര ജീവനക്കാര്‍ക്ക് പൊതുഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡ് 55 കോടി രൂപ ഇതിനായി അനുവദിച്ചു. ഈ കാലത്ത് 225 കോടി രൂപ മൊത്തത്തില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

ഒ.ആര്‍. കേളു എം. എല്‍. എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വള്ളിയൂര്‍ക്കാവ് ചരിത്രവും ഐതീഹ്യവും എന്ന പുസ്തകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ദേവസ്വം മന്ത്രിക്ക് നല്‍കി. ക്ഷേത്രം ട്രസ്റ്റി ഫിറ്റ് പേഴ്‌സണ്‍ ഇ.പി.മോഹന്‍ദാസ്, ട്രസ്റ്റി ഏച്ചോം ഗോപി, പരമ്പര്യേതര ട്രസ്റ്റി ടി.കെ.അനില്‍കുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.സി .സുനില്‍കുമാര്‍ ,വിപിന്‍ വേണുഗോപാല്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.വി .ഗിരീഷ് കുമാര്‍, പി.വി.സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.