സംസ്ഥാനത്തെ 1039 കൃഷി ഭവനുകളിലും വിള ആരോഗ്യ കേന്ദ്രം സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍. താന്ന്യം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ വിള ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിള പരിപാലന കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ജൈവരീതിയിലുള്ള കൃഷി പരിപാലനങ്ങള്‍ക്ക് ശാസ്ത്രീയമായ നിര്‍ദ്ധേശങ്ങള്‍ നല്‍കും. കര്‍ഷകരെ ശാസ്ത്രീയമായ കൃഷി ചെയ്യുന്നതിന് പ്രാപ്താരാക്കുന്നതിലൂടെ കൃഷി ചെലവ് കുറയ്ക്കാനും വിളവ് ഇരട്ടിയാക്കാനും സാധിക്കും. കൃഷി ഭവനുകളെ കാലോചിതമായി പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് വിള ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നത്. 500 പുതിയ വിള ആരോഗ്യ കേന്ദ്രങ്ങളാണ് ആരംഭിക്കുക. രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളിലും വിള ആരോഗ്യ കേന്ദ്രം പദ്ധതി പൂര്‍ത്തിയാക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ബ്ലോക്കിലും അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് ആദ്യമായി കര്‍ഷക മിത്ര പദ്ധതി നടപ്പിലാക്കിയത് തൃശ്ശൂര്‍ ജില്ലയിലാണ്. രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മ്മസേനകള്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 200 കാര്‍ഷിക കര്‍മ്മ സേനകളാണ് ആരംഭിക്കുക. ഒരു കാര്‍ഷിക കര്‍മ്മ സേനയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും പരിശീലന ആവശ്യങ്ങള്‍ക്കുമായി 10 ലക്ഷം രൂപ അനുവദിക്കും. ഒന്‍പത് ലക്ഷം രൂപ ഉപകരണങ്ങള്‍ക്കും ഒരു ലക്ഷം രൂപ പരീശീലന ആവശ്യങ്ങള്‍ക്കുമാണ് തുക വിനിയോഗിക്കുക. മണ്ണ് പരിശോധിച്ചുകൊണ്ട് ഹൈല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതിയും പുരോഗമിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. താന്ന്യം ഗ്രാമപഞ്ചായത്തിലെ മാത്തു തോട് പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും അവശ്യമായ ജലം ലഭ്യമാകുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.