വിവിധ കാരണങ്ങളാല്‍ വിവാഹമോചനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ തലത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ഉള്‍പ്പെടുത്തി സ്ഥിരം സിറ്റിംഗ് നടത്തണം. ഇതിനായി ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണം. തദ്ദേശസ്ഥാപന തലത്തില്‍ നടത്തുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും അധ്യക്ഷ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നടത്തിയ ശേഷം കല്യാണം നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചുള്ളതായും അവര്‍ പറഞ്ഞു. കമ്മീഷന്‍ അംഗം ഇ.എം രാധ സിറ്റിംഗില്‍ പങ്കെടുത്തു.

നിലവില്‍ സാമൂഹ്യ നീതി വകുപ്പ്, പോലീസ്, വനിതാ കമ്മീഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നടത്തിവരുന്നുണ്ട്. ഇത്തരം സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണം. വിവാഹത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ വിവാഹം ചെയ്യുന്നതു മൂലം വിവാഹമോചനങ്ങള്‍ കൂടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. സ്ത്രീധനവുമായി ബന്ധപ്പെട്ട് കോളെജുകളില്‍ കലാലയ ജ്യോതി, ഫേസ് ടു ഫേസ് എന്നീ ബോധവത്ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്. സിറ്റിങില്‍ പ്രധാനമായും ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്നം, സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, കുട്ടികള്‍ക്ക് ചെലവിനു ലഭിക്കാനുള്ള പരാതികള്‍ എന്നിവയാണ് കൈകാര്യം ചെയ്തത്.

സിറ്റിങില്‍ ലഭിച്ച 74 പരാതികളില്‍ 34 എണ്ണം പരിഹരിച്ചു. 34 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. ആറെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങില്‍ അഡ്വക്കേറ്റുമാരായ കെ.രാധിക, അഞ്ജന, രെമിക കൗണ്‍സലര്‍ സ്റ്റെഫി എന്നിവര്‍ പങ്കെടുത്തു.