ആലപ്പുഴ: കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ വെള്ളപ്പൊക്കം നേരിടുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ കൃത്യമായി നിയന്ത്രിക്കുന്നതിന് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. വേലിയേറ്റവും വേലിയിറക്കവും തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും അതനുസരിച്ച് ഷട്ടറുകളുടെ നിയന്ത്രണത്തിനും ജലസേചന വകുപ്പിന്റെ എന്‍ജിനിയറിംഗ് വിഭാഗത്തെ ചുതമലപ്പെടുത്തി.

നിലവില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ 70 ഷട്ടറുകള്‍ പൂര്‍ണമായും അടച്ച് 20 ഷട്ടറുകള്‍ വേലിയേറ്റത്തിനനുസരിച്ച് നിയന്ത്രിച്ചുവരികയാണ്. തത്കാലത്തേക്ക് ഈ സ്ഥിതി തുടരും. അന്ധകാരനഴിയിലെ തെക്ക്, വടക്കു ഭാഗങ്ങളിലെ ഷട്ടറുകളാണ് സാഹചര്യം വിലയിരുത്തി നിയന്ത്രിക്കുക.

ആവശ്യമുള്ള മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ചേര്‍ത്തല താലൂക്കില്‍ മത്സ്യകൃഷിക്കായി അമിതമായി വെള്ളം കെട്ടി നിര്‍ത്തി ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ വിവിധ മേഖലകളിലെ നിലവിലെ സ്ഥിതിയും സ്വീകരിക്കേണ്ട അടിയന്തര നടപടികളും തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ വിശദമാക്കി. എം.എല്‍.എമാരായ തോമസ് കെ. തോമസ്, ദലീമ ജോജോ, എച്ച്. സലാം, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രഹാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.