കോവിഡ് മഹാമാരിക്കാലത്തെ കേരളം അതിജീവിച്ചതിന്റെ മികച്ച ഉദാഹരണമാണ് വിദ്യാർത്ഥികളുടെ ഡിജിറ്റൽ വിദ്യാഭ്യാസമെന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളുടെ പഠനത്തിന് ഒരു തരത്തിലും മുടക്കം വരുന്നതിന് ഇടയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എം ടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പട്ടികജാതി – പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിൻ്റെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലെ ഫുൾ എപ്ലസ് വിജയികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡിജിറ്റൽ ഡിവൈസുകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് ലഭ്യമാക്കുന്നതിന് ആവിഷ്‌ക്കരിച്ചിട്ടുള്ള വിദ്യാകിരണം മുഖേനയാണ് 18 ലാപ്‌ടോപ്പുകൾ സ്കൂളിന് ലഭിച്ചത്. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ജില്ലാ പഞ്ചായത്തംഗം കെ ആർ മായ എന്നിവർ മുഖ്യാതിഥികളായി. ചേലക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്‌ കമ്മറ്റി ചെയർപേഴ്സൺ ജാനകി ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം ഷിജിത ബിനീഷ്, വാർഡ് മെമ്പർ ടി ഗോപാലകൃഷണൻ, ബിപിസി ഇൻചാർജ്ജ് എസ് സുപ്രിയ, പിടിഎ പ്രസിഡണ്ട് സി സുരേഷ്, എൻ സുനിത, സി ലക്ഷ്മിദേവി എന്നിവർ പങ്കെടുത്തു.