കോട്ടയം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ കുടുംബശ്രീയുടെ ദ്വിദിന കേക്ക് മേള തുടങ്ങി. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളും ന്യായമായ വിലക്ക് ലഭ്യമാക്കുന്നതിന് സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു.
പ്ലം കേക്ക്, മാർബിൾ കേക്ക്, കാരറ്റ് കേക്ക്, കാരറ്റ് – ഈന്തപ്പഴം കേക്ക്, മിൽക്ക്-പൈനാപ്പിൾ കേക്ക്, മിൽക്ക്-ഈന്തപ്പഴം-നട്ട്‌സ് കേക്ക് എന്നിവയുടെ വിപുലമായ ശേഖരത്തിന് പുറമേ പലതരം പലഹാരങ്ങളും മേളയിലുണ്ട്. 130 മുതൽ 400 രൂപ വരെ വില വരുന്നതാണ് കേക്കുകൾ. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് മേള.
എഫ്.എസ്.എസ്.എ. ലൈസൻസും കടുംബശ്രീ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ എട്ട് സംരഭക യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. മേളയിലൂടെ 50,000 രൂപയുടെ വിറ്റുവരവാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ലാഭ വിഹിതം സംരംഭക യൂണിറ്റുകൾക്ക് വീതിച്ചു നൽകും.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ അരുൺ പ്രഭാകർ
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ( മാർക്കറ്റിംഗ്) ജോബി ജോൺ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ആർ. രാജീവ് എന്നിവർ പങ്കെടുത്തു. ഡിസംബർ 24ന് വൈകിട്ട് മേള അവസാനിക്കും