സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പഠന ലിഖ്‌നാ അഭിയാന്‍ പദ്ധതി ഒന്നാംഘട്ട സാക്ഷരത പ്രവര്‍ത്തനം നടപ്പാക്കിയതു പോലെ ജനകീയമായി നടപ്പാക്കുമെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. പദ്ധതിയുടെ ഭാഗമായി താനൂര്‍ ഗവ: കോളജ് എന്‍.എസ്. എസ് സപ്തദിന ക്യാമ്പയിനോടനുബന്ധിച്ച് നടപ്പാക്കുന്ന അക്ഷര തുടിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. തുടര്‍ സാക്ഷരതാ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തയ്യാറായ താനൂര്‍ ഗവ.കോളജിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഡയറക്ടര്‍ അഭിനന്ദിച്ചു. പരിപാടിയില്‍ പഠിതാക്കളായ ഖദീജ, രമേഷ് എന്നിവര്‍ക്ക് പാഠപുസ്തകം നല്‍കി താനാളൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം ഡയറക്ടര്‍ നിര്‍വഹിച്ചു. മലപ്പുറം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2022 മാര്‍ച്ച് 31 ന് അവസാനിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.