വൈപ്പിൻ: നാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുരാരേഖ പ്രദർശനത്തിന് ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കം. വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രദർശനം ഈ മാസം 31വരെ തുടരും. ദിവസവും രാവിലെ പത്തുമുതൽ ആറുവരെയാണ് പ്രദർശനം.

സാമൂഹ്യനിർമ്മിതിയുടെ നാൾവഴികളിലേക്ക് നയിക്കുന്ന വിജ്ഞാനപ്രദ ചരിത്ര രേഖകളുടെ പ്രദർശനോദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റും ചരിത്ര പണ്ഡിതനുമായ ഡോ കെ വി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു. സഹോദരൻ അയ്യപ്പൻ സ്‌മാരകം സെക്രട്ടറി ഒ കെ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ആർക്കിവിസ്റ്റ് അബ്‌ദുൽ നാസർ, സംഘാടക സമിതി ഭാരവാഹികളായ പി ബി സജീവൻ, ടി ആർ ബിനോയ്‌കുമാർ എന്നിവർ സംസാരിച്ചു.

രാജഭരണ കാലം മുതലുള്ള പുരാരേഖകൾക്കു പുറമെ വൈപ്പിൻ മേഖലയുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും അച്ചടിമാധ്യമ പകർപ്പുകളും പ്രദർശനത്തിലുണ്ട്. 1800കൾ മുതൽക്കുള്ള നൂറ്റിയമ്പതോളം രേഖകൾ തനിരൂപത്തിൽ കാണാം. ചെമ്പോല, ചുരുണ, മുളക്കരണം എന്നിവയിലായി രേഖപ്പെടുത്തിയ ഉത്തരവുകളും രാജശാസനങ്ങളും രേഖപ്പെടുത്തിയത് അതേപടി അറിയാൻ അത്യപൂർവ്വ അവസരമൊരുക്കുന്നതാണ് പ്രദർശനം. നവോത്ഥാന സന്ദേശങ്ങൾ പകരുന്ന രേഖകൾക്കാണ് പ്രദർശനത്തിൽ പ്രാമുഖ്യം.