തിരുവനന്തപുരം : ഭക്ഷ്യ-പൊതുവിതരണ വകുപ്പിനു കീഴിലുള്ള എല്ലാ ഓഫിസുകളും ഫെബ്രുവരി 15 മുതല്‍ പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തിലേക്കു മാറുമെന്നു മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 101 ഓഫിസുകളാണ് വകുപ്പിനു കീഴില്‍ സംസ്ഥാനത്തുള്ളത്. ഇ-ഓഫിസിലേക്കു മാറുന്നതോടെ എന്‍ഡ് ടു എന്‍ഡ് കംപ്യൂട്ടറൈസേഷന്‍ പൂര്‍ണമായി നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ വകുപ്പായി പൊതുവിതരണ വകുപ്പ് മാറുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റേഷന്‍ വിതരണം, ഭക്ഷ്യധാന്യങ്ങളുടെ അലോക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റേഷന്‍ കാര്‍്ഡ് അപേക്ഷ സ്വീകരണം, വിതരണം തുടങ്ങിയവ നിലവില്‍ ഓണ്‍ലൈനായാണു നടക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ട്രാന്‍സ്‌പെരന്‍സി പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്കു പരിശോധിക്കാം. ഇതിനു പുറമേയാണ് എല്ലാ ഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നത്.
ഇ-ഓഫിസ് സംവിധാനത്തിലൂടെ സി.ആര്‍.ഒ, ടി.എസ്.ഒ, ഡി.എസ്.ഒ, ഡിവൈ.സി.ആര്‍. എന്നിവര്‍ക്ക് കമ്മിഷണര്‍, ഡയറക്ടര്‍ തുടങ്ങിയവര്‍ക്കു നേരിട്ടു ഫയലുകള്‍ അയക്കാനും വേഗത്തില്‍ തീരുമാനമെടുക്കാനും കഴിയും. തപാലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസം കുറയ്ക്കാനാകും. ഓരോ ഫയലിന്റെയും നിലവിലെ സ്ഥിതി മനസിലാക്കാം. പേപ്പര്‍ രഹിതമായി ഫയലുകള്‍ കൈകാര്യം ചെയ്യുന്നതുവഴി പേപ്പറിന്റെ അമിത ഉപയോഗം കുറയ്ക്കാനാകും. വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് മുഖേന എവിടെ ഇരുന്നും ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതും ഇ-ഓഫിസ് സംവിധാനത്തിന്റെ ഗുണമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.