അക്ഷയ ഊർജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവർക്ക് കേരള സർക്കാർ നൽകുന്ന അവാർഡുകൾക്ക് അപേക്ഷ നൽകുന്നതിനുളള തീയതി ജനുവരി  21 വരെ നീട്ടി. പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവ സംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ് സംസ്ഥാന സർക്കാർ അനെർട്ട് മുഖേന അവാർഡുകൾ നൽകുന്നത്.

2019 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാർഡ് നിർണ്ണയിക്കുന്നത്തിനുള്ള മേൽനോട്ട ചുമതല.  അവാർഡിനുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ ശുപാർശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക ജഡ്ജിംഗ് കമ്മിറ്റിയാണ്. ഓരോ മേഖലയിലും അവാർഡിന് അർഹരാകുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും, ഫലകവും, പ്രശസ്തിപത്രവും നൽകുന്നതാണ്. ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾ,  സ്ഥാപനങ്ങൾ എന്നിവർക്ക് പ്രത്യേക അവാർഡ് നോമിനേഷൻ അടിസ്ഥാനത്തിൽ നൽകും.

ദേശിയ ശാസ്ത്ര ദിനമായ  ഫെബ്രുവരി 28-ന് അവാർഡ് വിതരണം ചെയ്യും. അപേക്ഷ ഫോറവും, മറ്റ് മാർഗ്ഗനിർദേശങ്ങളും അനെർട്ടിന്റെ www.anert.gov.in എന്ന   വെബ്‌സൈറ്റിൽ  ലഭ്യമാണ്. നിശ്ചിത അപേക്ഷകൾ ചീഫ്  എക്‌സിക്യൂട്ടീവ് ഓഫീസർ, അനെർട്ട്, വികാസ് ഭവൻ പി. ഒ, തിരുവനന്തപുരം 695033  എന്ന വിലാസത്തിൽ 2022 ജനുവരി  21 ന് മുമ്പായി ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800  425 1803 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.