കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ‘സമം – സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി 2022 ജനുവരി 14, 15 തീയതികളില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ ”കലാപാഠശാല” ദ്വിദിന കലാശില്പശാല സംഘടിപ്പിക്കുന്നു. പൊതു വിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത 44 അദ്ധ്യാപികമാരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. ജോണി എം.എല്‍, ശീതള്‍ സി.പി. എന്നിവര്‍ ശില്പശാല നയിക്കും.
2022 ജനുവരി 14 വൈകുന്നേരം 3.30ന് കേരള ലളിതകലാ അക്കാദമിയും പത്മിനി മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി പത്മിനി പുരസ്‌കാര സമര്‍പ്പണം നടത്തും.

പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും പ്രൊഫ. എം.കെ. സാനു നിര്‍വ്വഹിക്കും. ചിത്രകാരനായ ബി.ഡി. ദത്തന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഹരിദാസിന്റെ ”രാഗമാധവം” സന്തൂര്‍ കച്ചേരിയും ജുഗല്‍ബന്ദിക്കൊപ്പം മോഹന്‍ ആലങ്കോടിന്റെ ലൈവ് പെയിന്റിംഗും ഉണ്ടായിരിക്കും.
വേദിയില്‍ 58 വര്‍ഷം പിന്നിടുന്ന കേരള ലളിതകലാ അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കലാകാര ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. ചിത്രകലാകൃത്തുക്കള്‍, ശില്പികള്‍, കലാ ചരിത്രകാരന്മാര്‍ എന്നിവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കാദമി ചെയര്‍മാന്‍നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോണി എം.എല്‍, സജിത ആര്‍. ശങ്കര്‍, ശ്രീജ പള്ളം, കെ. സുരേന്ദ്രന്‍, എബി എന്‍. ജോസഫ്, ഉത്തമന്‍ കാടഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സെക്രട്ടറി പി. വി. ബാലന്‍ നന്ദി പറയും.