ചങ്ങനാശ്ശേരി നഗരസഭാ ശതാബ്ദി: നൂറുദിന ആഘോഷ പരിപാടികൾക്ക് തുടക്കം

കോട്ടയം: സാമൂഹിക ജീവിതനിലവാരം, ആരോഗ്യം, പ്രകൃതി സമ്പത്തിന്റെ നിലനിൽപ്പ്, ഭൂമിയുടെ ഉൽപാദനക്ഷമത എന്നിവ ഉറപ്പു വരുത്തിയുള്ള സമഗ്ര നഗരവികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചങ്ങനാശേരി നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവർണർ.

നഗരവൽക്കരണത്തിന്റെ പ്രത്യേകത, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽ നൽകുകയും പട്ടണങ്ങളിലെ ഭൂമി കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയും വേണം. നഗരശുചീകരണം, മാലിന്യ സംസ്‌ക്കരണം എന്നിവയിലൂടെനഗരങ്ങളുടെ മനോഹാരിത വർധിപ്പിക്കുകയും ഹരിത നഗരം സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതികൾ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാന്യത്തോടെ നടപ്പാക്കണം. ഇതിനായി ജനങ്ങളും ജനപ്രതിനിധികളും ഒരേ മനസോടെ ഒത്തൊരുമിക്കണം. ചങ്ങനാശേരിയുടെ കലാ-സാഹിത്യ-സാംസ്‌കാരിക പൈതൃക സമ്പത്ത് കേരളത്തിനാകെ അഭിമാനം പകരുന്നതാണെന്നും ഗവർണർ പറഞ്ഞു.