ഓപ്പറേഷന് പണം കണ്ടെത്താൻ കഴിയാതെ വിഷമിച്ച നിർദ്ധന കുടുംബത്തിന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുൻഗണന കാർഡ് അനുവദിച്ചു.തിരുവല്ലത്തിനടുത്ത് അമ്പലനട, മുട്ടടക്കുഴി, പുഞ്ചക്കരി സ്വദേശിയായ സുരേഷ് കുമാറിനാണ് മുൻഗണനാ കാർഡ് അനുവദിച്ചത്. ടൂ വീലർ മെക്കാനിക്കാണ് സുരേഷ്. നാല് സെന്റ് സ്ഥലവും ഒരു ചെറിയ വീടും മാത്രമുള്ള ഇദ്ദേഹത്തിന്റെ റേഷൻ കാർഡ് മുൻഗണനേതര കാർഡായിരുന്നു. അതുകാരണം മറ്റു ചികിത്സാ സഹായങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഹൃദയ വാൽവിന്റെ ശസ്ത്രക്രിയയ്ക്കും തലയിൽ ഒരു മേജർ സർജറിക്കുമായി ശ്രിചിത്രാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. 12 ലക്ഷം രൂപ ഇതിന്  ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് കഴിഞ്ഞ രണ്ട് വർഷമായി സുരേഷിന്റെ ചികിത്സ നടക്കുന്നത്. മുൻഗണനേതര വിഭാഗത്തിൽ  ഉൾപ്പെട്ട കാർഡ് ആയതിനാൽ മറ്റ് ചികിത്സാ സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. മുൻഗണനാ കാർഡിനായി സുരേഷിന്റെ ഭാര്യ സുജാത കഴിഞ്ഞ ദിവസം ഭക്ഷ്യ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ മന്ത്രി കുടംബത്തിന് മുൻഗണനാ കാർഡ് നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ബുധനാഴ്ച മുൻഗണനാ കാർഡ് ലഭ്യമാക്കി. മന്ത്രിയുടെ നടപടിയിൽ സുരേഷിന്റെ ഭാര്യ സുജാത നന്ദി അറിയിച്ചു.